മലയാള സിനിമയിലെ എക്കാലത്തെയും ഏറ്റവും വലിയ റിലീസ് ആയി എത്താൻ ഒരുങ്ങുന്ന ചിത്രമാണ് മോഹൻലാൽ നായകനായ ഒടിയൻ. വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഈ ചിത്രം ഈ വർഷം ഡിസംബറിൽ തീയേറ്ററുകളിൽ എത്തും. ഇതിന്റെ പോസ്റ്റെർസ്, ടീസറുകൾ, ട്രൈലെർ എന്നിവ ഇപ്പോഴേ കേരളമെങ്ങും തരംഗം ആണ്. ഒടിയനെ പോലെ, കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ ഏറെ ആകാംഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന മറ്റൊരു ചിത്രമുണ്ടാവില്ല ഇപ്പോൾ മലയാളത്തിൽ എന്ന് പറഞ്ഞാലും അതിശയോക്തി ആവില്ല. ഒടിയൻ ഫാൻ മേഡ് ടീസറുകളും ട്രൈലെറുകളും പ്രോമോ വിഡിയോകളും യൂട്യുബിലും സോഷ്യൽ മീഡിയയിലും വൈറൽ ആണ്. ഇപ്പോൾ ഇതാ, പ്രേക്ഷകരുടെ പ്രീയപ്പെട്ട ഒടിയൻ മാണിക്യൻ ആയ മോഹൻലാൽ തന്നെ സിനിമാ പ്രേമികൾക്കായി ഒരു ഒടിയൻ കോണ്ടെസ്റ് ഒരുക്കുന്നു.
പതിനഞ്ചു കൊല്ലം കാശിയിൽ ആയിരുന്നു ഒടിയൻ മാണിക്യൻ. തേങ്കുറിശ്ശി വിട്ടു ഒരു രാത്രിയിൽ അയാൾ പോയി. പിന്നീട് ഒരുനാൾ അയാൾ മടങ്ങി വന്നു. ബാക്കി വെച്ച് പോയ പ്രണയവും പകയും പ്രതികാരവുമെല്ലാം മുഴുമിപ്പിക്കാനും കണക്കു തീർക്കാനുമാണ് ഒടിയൻ മാണിക്യൻ തിരിച്ചു വന്നത്. മാണിക്യന്റെ ആ തിരിച്ചു വരവിനെ തേങ്കുറിശ്ശിയിലെ പുതിയ തലമുറയും പഴയ തലമുറയും എങ്ങനെ നോക്കി കാണുന്നു എന്ന ആശയത്തെ മുൻനിർത്തി ഒരു മിനിട്ടു ദൈർഖ്യമുള്ള പ്രോമോ ഫിലിം ഒരുക്കൽ ആണ് മത്സരം. മൊബൈൽ കാമറ ഉപയോഗിച്ച് മാത്രം ഒരുക്കേണ്ട വീഡിയോ ആണിത്. പ്രേക്ഷകരുടെ സൃഷ്ടികൾ കോണ്ടെസ്റ് അനൗൺസ് ചെയ്തു കൊണ്ടുള്ള വിഡിയോയിൽ ഉള്ള വിലാസത്തിൽ അയച്ചു കൊടുക്കുക. ഒന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും രണ്ടാം സമ്മാനമായി അൻപതിനായിരം രൂപയും മൂന്നാം സമ്മാനമായി ഇരുപത്തയ്യായ്യിരം രൂപയും മോഹൻലാൽ വിജയികൾക്ക് നൽകുന്നതായിരിക്കും. പ്രേക്ഷകരുടെ ഒടിവിദ്യകൾ കാണാൻ താൻ കാത്തിരിക്കുകയാണ് എന്നും മോഹൻലാൽ പറയുന്നു.