മലയാള സിനിമക്ക് ഊർജം പകരുന്ന ഇളവുകൾ; മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞു മോഹൻലാലും പൃഥ്വിരാജ് സുകുമാരനും..!

Advertisement

കഴിഞ്ഞ കുറേ ദിവസങ്ങളായി മലയാള സിനിമയിൽ പുകഞ്ഞു നിന്നിരുന്ന പ്രശ്നങ്ങൾക്ക് അന്ത്യമായി. സിനിമാ സംഘടനകൾ ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രി ശ്രീ പിണറായി വിജയനുമായി നടത്തിയ ചർച്ചയിൽ സംഘടനകൾ മുന്നോട്ടു വെച്ച നിവേദനങ്ങളോട് മുഖ്യമന്ത്രി അനുകൂലമായ സമീപനം എടുത്തതോടെയാണ് പ്രശ്നങ്ങൾക്ക് അവസാനമായത്. ഏതായാലും ഈ അനുകൂലമായ നിലപാട് സ്വീകരിച്ചതിലും സിനിമാ മേഖലക്ക് കോവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറാനുള്ള ഇളവുകൾ പ്രഖ്യാപിച്ചതിലും മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞു കൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ് സൂപ്പർ താരം മോഹൻലാലും യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരനും.

മലയാള സിനിമയ്ക്ക്‌ ഊർജ്ജം പകരുന്ന ഇളവുകൾ പ്രഖ്യാപിച്ച ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‌ സ്നേഹാദരങ്ങൾ എന്നാണ് മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനുമൊത്തുള്ള ചിത്രവും മോഹൻലാൽ പങ്കു വെച്ചു. സിനിമാ മേഖലക്ക് സർക്കാർ അനുവദിച്ച ഇളവുകൾ പങ്കു വെച്ചു കൊണ്ടാണ് പൃഥ്വിരാജ് സുകുമാരൻ നന്ദി അറിയിച്ചത്. 2021 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള സിനിമാ തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഒപ്പം തിയറ്ററുകള്‍ അടഞ്ഞുകിടന്ന പത്തുമാസത്തെ വൈദ്യുതി ഫിക്സഡ് ചാര്‍ജ്ജ് 50 ശതമാനമാക്കി കുറയ്ക്കാനും ബാക്കി ഗഡുക്കളായി അടയ്ക്കാന്‍ അനുവദിക്കാനും തീരുമാനമായി. 2020 മാര്‍ച്ച് 31 നുള്ളില്‍ തിയറ്ററുകള്‍ തദ്ദേശസ്ഥാപനങ്ങളില്‍ ഒടുക്കേണ്ട വസ്തു നികുതി മാസ ഗഡുക്കളായി അടക്കാം എന്നും സർക്കാർ പുറത്തു വിട്ട വാർത്താക്കുറിപ്പിൽ പറയുന്നു. പ്രൊഷണല്‍ നികുതിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാൻ സംസ്ഥാന സര്‍ക്കാരിന് സാധിക്കില്ല എങ്കിലും തദ്ദേശസ്വയംഭരണം, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ്, ഫിലിംസ് ഡിവിഷന്‍, ബില്‍ഡിംഗ് ഫിറ്റ്നസ്, ആരോഗ്യം, ഫയര്‍ഫോഴ്സ് എന്നിവയുമായി ബന്ധപ്പെട്ട വിവിധ ലൈസന്‍സുകളുടെ കാലാവധി മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിക്കാനും ഇന്നത്തെ യോഗത്തിൽ സർക്കാർ തീരുമാനിചിട്ടുണ്ട്. കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് ഭാരവാഹികൾ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം, മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍, കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ്. പിള്ള തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തിലാണ് ഈ തീരുമാനങ്ങൾ ഉണ്ടായത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close