ഇന്ത്യൻ സിനിമയുടെ കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ആറാട്ട്. ഉദയ കൃഷ്ണ തിരക്കഥ രചിച്ച ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ കഴിഞ്ഞ തിങ്കളാഴ്ച മുതൽ പാലക്കാട് ആരംഭിച്ചു. ചിത്രത്തിന്റെ സെറ്റിൽ നിന്നുള്ള മോഹൻലാലിൻറെ കിടിലൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തു. ഇപ്പോഴിതാ ഈ മാസ്സ് ചിത്രം കാത്തിരിക്കുന്ന സിനിമാ പ്രേമികളെ ആവേശം കൊള്ളിക്കുന്ന ഒരു വാർത്തയാണ് വരുന്നത്. മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റ് കൂട്ടുകെട്ടുകളിൽ ഒന്നായ മോഹൻലാൽ – എം ജി ശ്രീകുമാർ ടീം ഈ ചിത്രത്തിനായി വീണ്ടും ഒന്നിക്കുകയാണ്. പ്രേം നസീർ – യേശുദാസ് ടീമിന് ശേഷം മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ഹിറ്റുകൾ സമ്മാനിച്ച ടീമാണ് മോഹൻലാൽ – എം ജി ശ്രീകുമാർ. ആറാട്ടിന് വേണ്ടി രാഹുൽ രാജിന്റെ സംഗീതത്തിലാണ് എം ജി ശ്രീകുമാർ മോഹൻലാലിനായി പാടുന്നത്. അടിപൊളി പാട്ടുകളും മനോഹരമായ മെലഡികളുമെല്ലാം എം ജി ശ്രീകുമാറിന്റെ ശബ്ദത്തിൽ മോഹൻലാൽ സ്‌ക്രീനിൽ അവതരിപ്പിക്കുമ്പോൾ അതിൽ ആവേശം കൊള്ളാത്ത മലയാള സിനിമാ പ്രേമികളില്ല. ആറാട്ടിന്റെ സംഗീത സംവിധായകൻ രാഹുൽ രാജ് തന്നെയാണ് എം ജി ശ്രീകുമാർ ഈ ചിത്രത്തിൽ പാടുന്ന വിവരം പുറത്തു വിട്ടത്.
ഈ ചിത്രത്തിലെ ഗാനങ്ങൾ എല്ലാം താൻ കേട്ടുവെന്നും, അതെല്ലാം മനോഹരമാണ് എന്ന് എം ജി ശ്രീകുമാർ രാഹുൽ രാജിന്റെ ഫേസ്ബുക് പോസ്റ്റിൽ കമന്റ് ചെയ്തിട്ടുമുണ്ട്. മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ, മലയാളത്തിലെ എക്കാലത്തേയും ഏറ്റവും വലിയ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ സംഗീത സംവിധായകനും രാഹുൽ രാജ് ആണ്. ആറാട്ടിന് വേണ്ടി ഗാനങ്ങൾക്കൊപ്പം ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും ഒരുക്കുന്നത് രാഹുൽ രാജ് തന്നെയാണ്. കിടിലൻ പശ്ചാത്തല സംഗീതവും അടിപൊളി ഗാനങ്ങളും ചിത്രത്തെ കൂടുതൽ മനോഹരമാക്കും എന്ന പ്രതീക്ഷയിലാണ് ആരാധകരും സിനിമാ പ്രേമികളും. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്.