ഡെന്നിസ് ജോസഫിന്റെ വിയോഗത്തിൽ മനം നൊന്ത് മോഹൻലാലും മമ്മൂട്ടിയും; താരരാജാക്കന്മാരെ സൃഷ്ടിച്ച തിരക്കഥയുടെ രാജാവിന് വിട..!

Advertisement

മലയാള ചലച്ചിത്ര ലോകത്തെ ഇതിഹാസ രചയിതാവായ ഡെന്നിസ് ജോസഫ് കാലയവനികക്കുള്ളിൽ മറഞ്ഞു. കോട്ടയത്തെ വീട്ടിലെ കുളിമുറിയിൽ കുഴഞ്ഞു വീണ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹൃദയാഘാതം ആ ജീവൻ കവർന്നു കൊണ്ട് പോയി. രാജാവിന്റെ മകനിലൂടെ മോഹൻലാലിനും ന്യൂ ഡൽഹിയുടെ മമ്മൂട്ടിക്കും സൂപ്പർ താര പദവി സമ്മാനിച്ച, ഒട്ടേറെ ക്ലാസിക് മാസ്സ് ഹിറ്റുകൾ മലയാള സിനിമാ പ്രേമികൾക്ക് സമ്മാനിച്ച ഡെന്നിസ് ജോസഫിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ അർപ്പിക്കുകയാണ് ഇന്ന് മലയാള സിനിമാ ലോകം.

ഡെന്നിസ് ജോസഫുമായി വളരെയടുത്ത സൗഹൃദം പുലർത്തിയിരുന്ന സൂപ്പർ താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും തങ്ങളുടെ ഫേസ്ബുക് പേജിൽ കുറിച്ച വാക്കുകൾ അവരുടെ വേദന നമ്മുക്ക് മനസ്സിലാക്കി തരുന്നതാണ്. ഡെന്നിസ് ജോസഫിനെ ഓർത്തു കൊണ്ട് മോഹൻലാൽ കുറിച്ചത് ഇപ്രകാരം, “എൻ്റെ പ്രിയപ്പെട്ട ഡെന്നീസിനുവേണ്ടി ഈ വരികള്‍  കുറിയ്ക്കുമ്പോള്‍ ഓര്‍മ്മകള്‍ ക്രമം തെറ്റി വന്ന് കൈകള്‍ പിടിച്ചു മാറ്റുന്നപോലെയാണ് തോന്നുന്നത്. തിരക്കഥാലോകത്തെ രാജാവായിരുന്നു ഡെന്നീസ്. ആ രാജാവിൻ്റെ  മക്കളായി പിറന്ന ഒട്ടേറേ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാനുള്ള ഭാഗ്യം സിദ്ധിച്ച ഒരാളാണ് ഈ ഞാനും. സൗമ്യമായ പുഞ്ചിരിയില്‍ ഒളിപ്പിച്ചുവെച്ച,  തിരിച്ചൊന്നും  പ്രതീക്ഷിക്കാതിരുന്ന സ്നേഹമായിരുന്നു ഡെന്നീസ്. വെള്ളിത്തിരകളെ ത്രസിപ്പിക്കുന്ന എത്രയെത്ര ചടുലന്‍ കഥകള്‍, വികാര വിക്ഷോഭങ്ങളുടെ തിരകള്‍ ഇളകിമറിയുന്ന സന്ദര്‍ഭങ്ങള്‍, രൗദ്രത്തിൻ്റെ തീയും പ്രണയത്തിൻ്റെ  മധുരവും വേദനയുടെ കണ്ണീരുപ്പും നിറഞ്ഞ സംഭാഷണങ്ങള്‍. ആര്‍ദ്രബന്ധങ്ങളുടെ കഥകള്‍  തൊട്ട്  അധോലോകങ്ങളുടെ കുടിപ്പകകള്‍ വരെ  മലയാള സിനിമയ്ക്ക് സമ്മാനിച്ച അതുല്യ പ്രതിഭ. എത്ര പറഞ്ഞാലും  തീരില്ല ഡെന്നീസുമായുള്ള ആത്മബന്ധം. അതുകൊണ്ടുതന്നെ പാതിപറഞ്ഞ് നിര്‍ത്തുന്നു, ഇടറുന്ന വിരലുകളോടെ… പ്രണാമം ഡെന്നീസ്..”.

Advertisement


കൈവിട്ടു പോയ തന്റെ സിനിമാ ജീവിതത്തിൽ, ന്യൂഡൽഹി എന്ന ചിത്രത്തിലൂടെ തന്നെ കൈപിടിച്ചുയർത്തി പുതുജീവൻ നൽകിയ ഡെന്നിസ് എന്ന സഹപ്രവർത്തകനും സുഹൃത്തിനും വേണ്ടി മമ്മൂട്ടി കുറിച്ച വാക്കുകൾ ഇങ്ങനെ, “ഡെന്നീസ് ജോസഫിന്റെ അകാല വിയോഗം എന്നെ വല്ലാതെ സങ്കടപ്പെടുത്തുന്നു. വളർച്ചയിലും തളർച്ചയിലും എന്റെ ഒപ്പം ഉണ്ടായിരുന്ന സഹോദര തുല്യനായ സുഹൃത്ത് ഇപ്പോഴില്ല, എഴുതിയതും സംവിധാനം ചെയ്തതുമായ എല്ലാ സിനിമകളിലൂടെയും അദ്ദേഹം ഓർമിക്കപ്പെടും. നിത്യശാന്തി നേരുന്നു”.

ഇത് കൂടാതെ മലയാള സിനിമയിലെ ഒട്ടേറെ പ്രമുഖർ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് മുന്നോട്ടു വരികയാണ്. ശ്യാമ, നിറക്കൂട്ട്, രാജാവിന്റെ മകൻ, ഭൂമിയിലെ രാജാക്കന്മാർ, ന്യൂഡൽഹി, വഴിയൊരക്കാഴ്ചകൾ, നായർ സാബ്, കോട്ടയം കുഞ്ഞച്ചൻ, മനു അങ്കിൾ, സംഘം, ആകാശദൂത്, ഇന്ദ്രജാലം, നമ്പർ 20 മദ്രാസ് മെയിൽ, ഗാന്ധർവം, എഫ് ഐ ആർ എന്നിവയാണ് ഡെന്നിസ് ജോസഫ് രചിച്ച സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ചിലതു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close