മികച്ച കഥാപാത്രങ്ങൾ ചെയ്തു മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയ നടനാണ് ഷൈൻ ടോം ചാക്കോ. ഇപ്പോൾ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടന്മാരിൽ ഒരാളാണ് അദ്ദേഹം. ഈ വർഷം റിലീസ് ചെയ്ത ഓരോ ചിത്രങ്ങളിലൂടെയും ശ്രദ്ധ നേടിയ ഷൈൻ ടോം ചാക്കോ വളരെ വ്യത്യസ്തമായതും ശ്കതമായതുമായ കഥാപാത്രങ്ങളെയാണ് വെള്ളിത്തിരയിൽ അവതരിപ്പിക്കുന്നത്. വെയിൽ, ഭീഷ്മ പർവ്വം, തല്ലുമാല എന്നീ ചിത്രങ്ങളിൽ ഷൈൻ ടോം ചാക്കോ ചെയ്ത കഥാപാത്രങ്ങൾ ഈ വർഷം ഏറെ ശ്രദ്ധ നേടിയിരുന്നു. അത് കൂടാതെ പട, തമിഴ് ചിത്രം ബീസ്റ്റ്, പന്ത്രണ്ട്, കൊച്ചാൾ, കുടുക്ക് എന്നീ ചിത്രങ്ങളും ഷൈൻ ടോം ചാക്കോ അഭിനയിച്ച് ഈ വർഷം പുറത്തു വന്നു. നിവിൻ പോളി നായകനായ പടവെട്ട്, സൗബിൻ നായകനായ ജിന്ന്, വെള്ളേപ്പം, റോയ്, അതുപോലെ ഷൈൻ ടോം ചാക്കോ നായകനായി എത്തുന്ന അടി എന്നിവയാണ് അദ്ദേഹത്തിന്റെ ഇനി പുറത്തു വരാനുള്ള ചിത്രങ്ങൾ. ഇപ്പോഴിതാ വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യാൻ ശ്രമിക്കുന്നതിനെ കുറിച്ച് ദി ക്യൂ സ്‌റ്റുഡിയോക്കു വേണ്ടി മനീഷ് നാരായണിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാണ് ഷൈൻ ടോം ചാക്കോ.
എൺപതുകൾ മുതൽ കണ്ടു വളർന്ന മലയാള സിനിമകളും അതിലെ നടന്മാരും തന്നെയാണ് തന്നെ സ്വാധീനിച്ചതെന്നു ഷൈൻ ടോം ചാക്കോ പറയുന്നു. അന്നത്തെ കാലത്തേ നടൻമാർ ഓരോ ചിത്രങ്ങളിലും വ്യത്യസ്ത വേഷങ്ങളാണ് ചെയ്തു കൊണ്ടിരിക്കുന്നതെന്നും, അതിൽ മുൻപന്തിയിൽ നിന്നതു ലാലേട്ടനും മമ്മുക്കയും ആയിരുന്നെന്നും ഷൈൻ പറയുന്നു. അവർ ഓരോ ചിത്രങ്ങളിലും വളരെ വ്യത്യസ്‌തമായ വേഷങ്ങളാണ് ചെയ്തതെന്നും അത്കൊണ്ട് തന്നെയാണ് അവർക്കു പ്രേക്ഷകരെ രസിപ്പിക്കാൻ സാധിച്ചതെന്നും ഷൈൻ പറഞ്ഞു. എപ്പോഴും ഒരേ തരത്തിലുള്ള കഥാപാത്രങ്ങൾ ചെയ്യുന്ന നടന്മാരെ ഒരു പരിധി കഴിയുമ്പോൾ പ്രേക്ഷകർക്ക് മടുക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.