
ഇന്നലെയാണ് 2021 ലെ മികച്ച ചലച്ചിത്രങ്ങൾക്കുള്ള കേരളാ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചത്. ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തര്‍ മിര്‍സ ചെയർമാനായുള്ള ജൂറിയാണ് അവാർഡുകൾ നിർണ്ണയിച്ചത്. സമർപ്പിക്കപ്പെട്ട 142 ചിത്രങ്ങളിൽ നിന്നാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. മികച്ച നടനുള്ള അവാർഡ് ഇത്തവണ രണ്ടു പേരാണ് പങ്കിട്ടത്. ആർക്കറിയാം എന്ന ചിത്രത്തിലൂടെ ബിജു മേനോൻ, നായാട്ടു, മധുരം, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങളിലൂടെ ജോജു ജോർജ് എന്നിവർ മികച്ച നടന്മാരായി. മികച്ച നടിക്കുള്ള അവാർഡ് ഭൂതകാലം എന്ന ചിത്രത്തിലൂടെ രേവതി സ്വന്തമാക്കിയപ്പോൾ ജോജി എന്ന ചിത്രമൊരുക്കിയ ദിലീഷ് പോത്തൻ മികച്ച സംവിധായകനുള്ള അവാർഡ് നേടി. ഇപ്പോഴിതാ അവാർഡ് ജേതാക്കൾക്ക് അഭിന്ദനവുമായി രംഗത്ത് വന്നിരിക്കുകയാണ് മലയാളത്തിന്റെ മഹാനടന്മാരായ മോഹൻലാലും മമ്മൂട്ടിയും. അവാർഡ് ജേതാക്കൾക്ക് എല്ലാവിധ അഭിനന്ദനങ്ങളും ആശംസകളുമെന്നാണ് ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ കുറിച്ചത്.
ദൃശ്യം, വൺ എന്നീ ചിത്രങ്ങളിലൂടെ മോഹൻലാൽ, മമ്മൂട്ടി എന്നിവരും, ഹൃദയം, കുറുപ്പ് എന്നീ ചിത്രങ്ങളിലൂടെ ഇവരുടെ മക്കളായ പ്രണവ് മോഹൻലാൽ, ദുൽഖർ സൽമാൻ എന്നിവരും മത്സര രംഗത്തുണ്ടായ വർഷമായിരുന്നു ഇത്. വിനീത് ശ്രീനിവാസനൊരുക്കിയ ഹൃദയം കലാമൂല്യവും ജനപ്രീതിയുമുള്ള ചിത്രത്തിനുള്ള പുരസ്‍കാരം നേടിയെടുത്തു. മികച്ച നടിക്കുള്ള മത്സരത്തിൽ പാർവതി തിരുവോത്ത്, മഞ്ജു വാര്യർ, നിമിഷ സജയൻ, കല്യാണി പ്രിയദർശൻ, അന്ന ബെൻ, ദർശന രാജേന്ദ്രൻ, രജിഷ വിജയൻ, ഗ്രേസ് ആന്റണി, ഉർവശി, ഐശ്വര്യ ലക്ഷ്‌മി എന്നിവരും മത്സരിച്ചു. മികച്ച സ്വഭാവ നടിക്കുള്ള അവാർഡ് ജോജിയിലൂടെ ഉണ്ണിമായ നേടിയപ്പോൾ മികച്ച ചിത്രമായത് ആവാസവ്യൂഹമാണ്.