ഒരു കടുത്ത മോഹന്‍ലാല്‍ ആരാധകനാണ് യുവ സൂപ്പർ താരമായ പൃഥ്വിരാജ് സുകുമാരൻ. പല തവണ പല സ്ഥലങ്ങളിലും ആ കാര്യം തുറന്നു സമ്മതിച്ചിട്ടുള്ളയാളാണ് അദ്ദേഹം. ഒരു മോഹൻലാൽ ഫാൻ ആയിരിക്കുമ്പോൾ തന്നെ മമ്മൂട്ടിയേയും ഏറെ ബഹുമാനിക്കുന്ന നടനാണ് പൃഥ്വിരാജ്. അദ്ദേഹം പറയുന്നത് ചെറുപ്പത്തില്‍ താന്‍ മോഹന്‍ലാലിന്റെ സിനിമകളാണ് കൂടുതലും കണ്ടിരുന്നതെന്നും താൻ ഒരു നടനായതിന് ശേഷമാണ് മമ്മൂട്ടിയുടെ കുറേ സിനിമകള്‍ കാണുന്നതെന്നുമാണ്. അപ്പോഴാണ് മമ്മൂട്ടി എന്ന നടനെ കുറിച്ചും താൻ കൂടുതലായി മനസ്സിലാക്കിയത് എന്നും പൃഥ്വിരാജ് പറയുന്നു.
പൃഥ്വിരാജിന്റെ വാക്കുകൾ ഇപ്രകാരം, ചെറുപ്പത്തില്‍ ഒരുപാട് സിനിമ കാണുന്നയാളായിരുന്നില്ല. കണ്ടു തുടങ്ങിയപ്പോള്‍ ഏറ്റവും കൂടുതല്‍ കണ്ടത് ലാലേട്ടന്റെ സിനിമകളാണ്. അതുകൊണ്ട് ഞാനൊരു ലാലേട്ടന്‍ ഫാനാണ്. ഞാനൊരു നടനായിക്കഴിഞ്ഞാണ് മമ്മൂക്കയുടെ കുറേ സിനിമകള്‍ കാണുന്നത്. അപ്പോഴാണ് എനിക്ക് മനസിലായത് മമ്മൂക്ക എന്ന് പറയുന്നത് അഭിനയത്തിന്റെ കുലപതിയാണ് എന്ന്. ഇവര് രണ്ടു പേരും കേരളത്തിലായതു കൊണ്ട് നമ്മളിങ്ങനെ ലാലേട്ടന്‍, മമ്മൂക്ക എന്നൊക്കെ സിംപിളായി പറയുന്നത്.
ലോകത്തുള്ള ഒരുപാട് നടീ നടന്‍മാരെയൊക്കെ കണ്ട്, അഭിനയമെന്ന ജോലി ഒരുപാട് കാലം ചെയ്തുകഴിയുമ്പോള്‍ ആണ് മോഹൻലാലും മമ്മൂട്ടിയുമൊക്കെ ഭയങ്കര സ്‌പെഷലാണെന്നു നമ്മുക്കു മനസ്സിലാവുക എന്നും വേള്‍ഡ്ക്ലാസ് ആക്ടേഴ്‌സ് ആണ് അവരെന്നും പൃഥ്വിരാജ് പറയുന്നു. സിനിമയെ ഗൗരവമായി കാണുന്ന ഒരാൾക്കും ഇവരിൽ ഒരാൾ മറ്റൊരാളെക്കാൾ മികച്ചതാണെന്നു പറയാന്‍ പറ്റില്ല എന്നും വിശദീകരിച്ച പൃഥ്വിരാജ്, അമരത്തിലും കമലദളത്തിലും ഒരു ആക്ടറിന്റെ എഫര്‍ട്ട് എത്രത്തോളമാണെന്ന് തനിക്കറിയാം എന്നും വനിത സംഘടിപ്പിച്ച കുട്ടികളുമായുള്ള കൂടിക്കാഴ്ച്ചയില്‍ വെളിപ്പെടുത്തി.