ഇന്നലെ വൈകുന്നേരമാണ് മെഗാസ്റ്റാർ ചിരഞ്ജീവി നായകനായ തെലുങ്ക് ചിത്രം ഗോഡ്ഫാദറിന്റെ ടീസർ റിലീസ് ചെയ്തത്. ബ്ലോക്ക്ബസ്റ്റർ മലയാള ചിത്രമായ ലൂസിഫറിന്റെ റീമേക്കായ ഗോഡ്ഫാദർ സംവിധാനം ചെയ്തത് മോഹൻ രാജയാണ്. മലയാളത്തിൽ മോഹൻലാൽ നായകനായ ഈ ചിത്രം സംവിധാനം ചെയ്തത് പൃഥ്വിരാജ് സുകുമാരനാണ്. ഈ ചിത്രത്തിനും പൃഥ്വിരാജ് സുകുമാരന്റെ സംവിധാന മികവിനും ഇതിലെ കേന്ദ്ര കഥാപാത്രമായി മോഹൻലാൽ കാഴ്ച വെച്ച ഗംഭീര പ്രകടനത്തിനും പാൻ ഇന്ത്യ ലെവലിൽ വരെ വലിയ പ്രേക്ഷക- നിരൂപക പ്രശംസയാണ് ലഭിച്ചത്. ഇപ്പോഴിതാ ഗോഡ്ഫാദർ ടീസർ റിലീസ് ആയതോടെ വീണ്ടും മോഹൻലാലും ലൂസിഫറും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങാവുകയാണ്. ലൂസിഫർ പോലെയൊരു മാസ്റ്റർപീസിനെ നശിപ്പിക്കുന്ന രീതിയിലാണ് ഗോഡ്ഫാദർ ഒരുക്കിയിരിക്കുന്നതെന്ന് ടീസർ കണ്ട പ്രേക്ഷകർ പറയുന്നു. മാത്രമല്ല, മോഹൻലാൽ സർ അഭിനയിക്കുന്നതിന്റെ അടുത്ത് പോലുമെത്താൻ ചിരഞ്ജീവിക്ക് സാധിക്കുന്നില്ലെന്നും, തന്റെ സ്ക്രീൻ പ്രസൻസും സ്റ്റൈലും പ്രകടനവും കൊണ്ട് മോഹൻലാൽ നൽകിയ രോമാഞ്ചം മറ്റുള്ളവർക്ക് സ്വപ്നം കാണാൻ പോലും സാധിക്കില്ലെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.
തെലുങ്ക്, തമിഴ് നാടുകളിൽ നിന്നുള്ള അന്യ ഭാഷാ പ്രേക്ഷകരാണ് ഇപ്പോൾ ഗോഡ്ഫാദർ ടീസറിനെ വിമർശിച്ചും ലൂസിഫറിനും മോഹൻലാലിനും പ്രശംസയുമായി എത്തിയിരിക്കുന്നതെന്നതും അത്യന്തം ആവേശം നൽകുന്ന കാര്യമാണ്. മലയാള സിനിമക്കും മലയാളത്തിലെ കലാകാരന്മാർക്കും ലഭിക്കുന്ന അംഗീകാരം കൂടിയാണ് അവരുടെ ഈ വാക്കുകളെന്നും ഇവിടുത്തെ സിനിമാ പ്രേമികൾ എടുത്തു പറയുന്നു. ഓൾ ഇന്ത്യ തലത്തിലാണിപ്പോൾ ലൂസിഫറും മോഹൻലാലും ട്രെൻഡ് ചെയ്യുന്നത്. പൃഥ്വിരാജ് സുകുമാരന്റെ ആദ്യത്തെ സംവിധാന സംരംഭമായിരുന്നു ലൂസിഫർ. ഇപ്പോൾ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗമായ എംപുരാൻ മോഹൻലാലിനെ നായകനാക്കി ഒരുക്കാൻ പോവുകയാണ് പൃഥ്വിരാജ്. ദയവ് ചെയ്ത് ആ ചിത്രം റീമേക് ചെയ്യാനുള്ള അവകാശം മറ്റാർക്കും കൊടുക്കാതെ, ആ ചിത്രം നേരിട്ട് മറ്റു ഭാഷകളിൽ റിലീസ് ചെയ്യണമെന്നും അന്യഭാഷാ പ്രേക്ഷകർ അഭ്യര്ഥിക്കുന്നുണ്ട്.