മലയാള സിനിമയുടെ തലവര തിരുത്തിയെഴുതിയ വിജയമാണ് ഏഴു വർഷം മുൻപ് ഒരു ഡിസംബർ മാസത്തിൽ റിലീസ് ചെയ്ത ദൃശ്യം എന്ന മോഹൻലാൽ ചിത്രം നേടിയത്. ജീത്തു ജോസഫ് രചിച്ചു സംവിധാനം ചെയ്ത ഈ ആദ്യ മോഹൻലാൽ ചിത്രം അമ്പതു കോടി ക്ലബിൽ എത്തുന്ന ആദ്യത്തെ മലയാള സിനിമയായി മാറി. അതിനൊപ്പം രണ്ടു വിദേശ ഭാഷകൾ ഉൾപ്പെടെ ആറു ഭാഷകളിൽ റീമേക് ചെയ്ത ഈ സിനിമ മലയാള സിനിമയ്ക്കു കേരളത്തിന് പുറത്തും ഇന്ത്യക്കു പുറത്തും വമ്പൻ മാർക്കറ്റ് ഉണ്ടാക്കിക്കൊടുക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ച ചിത്രമാണ്. ഇപ്പോഴിതാ ദൃശ്യത്തിന്റെ രണ്ടാം ഭാഗവുമായി ഒരിക്കൽ കൂടി വരികയാണ് മോഹൻലാൽ- ജീത്തു ജോസഫ് ടീം. ജോർജ്‌കുട്ടി എന്ന മോഹൻലാൽ കഥാപാത്രം ഈ രണ്ടാം ഭാഗത്തിലൂടെ തിരിച്ചു വരുന്നതെന്തിന് എന്ന ചോദ്യത്തിന് ഉത്തരം നൽകുകയാണ് മോഹൻലാലും സംവിധായകൻ ജീത്തു ജോസഫും.
ദൃശ്യം എന്ന ചിത്രത്തിന്റെ കഥ അവസാനിച്ചിട്ടില്ലായിരുന്നു എന്നും ജോർജ്‌കുട്ടിക്കും കുടുംബത്തിനും പിന്നീട് എന്ത് സംഭവിച്ചു എന്ന ചോദ്യവുമാണ് ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തേക്കു എത്തിച്ചത് എന്നും മോഹൻലാൽ, ജീത്തു ജോസഫ് എന്നിവർ പറയുന്നു. എന്നാൽ ആദ്യ ഭാഗത്തേതിലെ പോലെ കൊലപാതകം ഒന്നും രണ്ടാം ഭാഗത്തിൽ ഇല്ലെന്നും രണ്ടാം ഭാഗം ഒരു ഇമോഷണൽ ഫാമിലി ഡ്രാമ ആണെന്നും ജീത്തു ജോസഫ് പറഞ്ഞു. കോവിഡ് പ്രതിസന്ധി മൂലം സ്തംഭിച്ച മലയാള സിനിമയ്ക്കു ഉണർവ് നല്കാൻ കൂടിയാണ് ദൃശ്യം രണ്ടാം ഭാഗം വലിയ റിസ്ക് എടുത്തുകൊണ്ട് തന്നെ ആരംഭിച്ചത് എന്നും അവർ പറഞ്ഞു. ഇപ്പോൾ തൊടുപുഴയിൽ അവസാന ഘട്ട ചിത്രീകരണത്തിലാണ് ദൃശ്യം 2 . കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് ദൃശ്യം രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം നടക്കുന്നത്.