മലയാളി ആരോഗ്യ പ്രവർത്തകരുടെ നിസ്വാർത്ഥ സേവനം തുറന്നു കാണിക്കുന്ന ചിത്രമൊരുക്കാൻ മോഹൻലാൽ; വാക്കുപാലിച്ചു കൊണ്ട് അവരെക്കാണാൻ നേരിട്ടെത്തി സൂപ്പർ താരം..!

Advertisement

ആരോഗ്യ പ്രവർത്തകരുടെ ആത്മാർഥ സേവനം പശ്ചാത്തലമാക്കി അബുദാബിയിൽ നിന്നൊരു സിനിമ ഉണ്ടാവുകയാണെങ്കിൽ അതിന്റെ ഭാഗമാകാൻ ഒരുക്കമെന്നു മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ. അവരുടെ സേവനം തുറന്നു കാണിക്കുന്ന വിധത്തിൽ, ആശുപത്രി പശ്ചാത്തലമാക്കി ഒരു സിനിമ നിർമ്മിക്കുക എന്ന് വെല്ലുവിളി ഏറ്റെടുക്കുന്നുവെന്നും മോഹൻലാൽ സൂചിപ്പിച്ചു. അബുദാബി ബുർജീൽ ആശുപത്രി ഒരുക്കിയ മുഖാമുഖം പരിപാടിയിൽ മലയാളി നഴ്സുമാരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മോഹൻലാൽ. കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ രാജ്യാന്തര നഴ്സിങ് ദിനമായ മേയ് 12ന്  മോഹൻലാൽ ഗൾഫിൽ ജോലി ചെയ്യുന്ന മലയാളി നേഴ്‌സുമാരുമായി നടത്തിയ ഫോൺ സംഭാഷണം ഏറെ ശ്രദ്ധ നേടിയിരുന്നു. ഡോ.ഷംസീർ വയലിലിന്റെ ഉടമസ്ഥതയിലുള്ള അബുദാബി ബുർജീൽ ആശുപത്രിയിലെ നഴ്സുമാരെയടക്കം യുഎഇയിലെ വിവിധ ആശുപത്രികളിൽ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകരെ അദ്ദേഹം വിളിച്ചു സംസാരിക്കുകയും അവരുടെ സേവനത്തിനു നന്ദിയും അഭിനന്ദനവും നൽകുകയും ചെയ്തിരുന്നു.

ഇനി യുഎഇയിൽ സന്ദർശനം നടത്തുമ്പോൾ നേരിട്ട് കാണാമെന്ന് മോഹൻലാൽ അവർക്കു  വാക്ക് നൽകുകയും ചെയ്തിരുന്നു. ആ വാക്കാണ് ഇപ്പോൾ കംപ്ലീറ്റ് ആക്ടർ പാലിച്ചിരിക്കുന്നത്. യുഎഇ സർക്കാരിന്റെ ആദരമായ ഗോൾഡൻ വിസ സ്വീകരിക്കാൻ എത്തിയ മോഹൻലാൽ ആ ചടങ്ങിന് ശേഷമാണു മലയാളി ആരോഗ്യ പ്രവർത്തകരെ കാണാൻ നേരിട്ടെത്തിയത്. അന്ന് മോഹൻലാൽ തങ്ങളോട് സംസാരിച്ചത് തങ്ങൾക്കു ഏറെ സന്തോഷവും പ്രചോദനവും  നൽകിയെന്നും അവർ ചടങ്ങിൽ പറഞ്ഞു. മോഹൻലാൽ അന്ന് നഴ്സുമാരുമായി നടത്തിയ ഫോൺ സംഭാഷണത്തിന്റെ വീഡിയോ ഈ ചടങ്ങിൽ പ്രദർശിപ്പിക്കുകയും ചെയ്തു. തങ്ങളെ കാണാൻ എത്തിയ ലാലേട്ടന് നന്ദി പറഞ്ഞ ആതുര സേവന രംഗത്തെ മാലാഖമാർ വലിയ കയ്യടികളോടെയാണ് മോഹൻലാലിന്റെ ഓരോ വാക്കുകളും സ്വീകരിച്ചത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close