മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായ മരക്കാർ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ചിത്രം മികച്ച പ്രതികരണം നേടുന്നതിനൊപ്പം തന്നെ വലിയ പ്രശംസ നേടുന്ന ഒരാൾ പ്രണവ് മോഹൻലാൽ ആണ്. മോഹൻലാൽ അവതരിപ്പിച്ച മരക്കാർ എന്ന കഥാപാത്രത്തിന്റെ യൗവ്വനകാലമാണ് പ്രണവ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ആദ്യ നാൽപതു മിനിറ്റോളം ആണ് പ്രണവ് സ്‌ക്രീനിൽ ഉള്ളു എങ്കിലും തന്റെ ഗംഭീര പ്രകടനം കൊണ്ട് പ്രേക്ഷകരുടെ മനസ്സ് കീഴടക്കാൻ പ്രണവിന് സാധിച്ചു. കുറച്ചു സമയം കൂടി പ്രണവ് സ്‌ക്രീനിൽ ഉണ്ടായിരുന്നു എങ്കിലെന്നു ആഗ്രഹിച്ചു പോയെന്നു ചിത്രം കണ്ട പ്രേക്ഷകരും പറയുന്നു. ഏതായാലും പ്രണവിനെ കുറിച്ച് രണ്ടു ദിവസം മുൻപ് മോഹൻലാൽ പറഞ്ഞ വാക്കുകളും ഇപ്പോൾ ഈ ശ്രദ്ധ നേടുകയാണ്. നല്ല കഥാപാത്രങ്ങൾ കിട്ടുകയും നല്ല സംവിധായകർക്കും അഭിനേതാക്കൾക്കും ഒപ്പം ജോലി ചെയ്യാൻ സാധിക്കുകയും ചെയ്യുമ്പോൾ ആണ് ഒരു അഭിനേതാവ് വളരുന്നത് എന്നും അതുപോലെ ചെയ്യുന്ന തൊഴിലിനോട് നൂറു ശതമാനം ആത്മാർത്ഥത കൂടി കാണിച്ചാൽ അയാൾക്ക് ഉയരങ്ങളിൽ എത്താൻ സാധിക്കുമെന്നും മോഹൻലാൽ പറയുന്നു.
ആ ഭാഗ്യങ്ങൾ പ്രണവിന് ഉണ്ടായാൽ, ആ പരിശ്രമം പ്രണവ് എടുത്താൽ അയാൾക്കും മികച്ച രീതിയിൽ മുന്നോട്ട് പോകാൻ പറ്റുമെന്നാണ് മോഹൻലാൽ വിശദീകരിക്കുന്നത്. ആർക്കും അയാളെ സഹായിക്കാൻ പറ്റില്ല എന്നും അയാൾ എന്താവണം എന്നത് അയാളുടെ തീരുമാനം ആണെന്നും മോഹൻലാൽ പറഞ്ഞു. മികച്ച സംവിധായകർക്കും അഭിനേതാക്കൾക്കും ഒപ്പം ജോലി ചെയ്യാൻ സാധിച്ചത് ആണ് തന്നെ വളർത്തിയത് എന്നും അതുപോലെ ഉള്ള അവസരങ്ങൾ പുതിയ തലമുറയിൽ ഉള്ളവർക്കും കിട്ടട്ടെ എന്ന് പ്രാർഥിക്കുന്നു എന്നും മോഹൻലാൽ പറഞ്ഞു. വിനീത് ശ്രീനിവാസൻ ഒരുക്കിയ ഹൃദയം എന്ന ചിത്രമാണ് പ്രണവ് നായകനായി ഇനി എത്താൻ ഉള്ളത്. ചിത്രത്തിന്റെ ടീസർ, ഗാനങ്ങൾ എന്നിവ ഇപ്പോഴേ സൂപ്പർ ഹിറ്റുകൾ ആണ്. ജനുവരിയിൽ ആണ് ഹൃദയം റിലീസ് ചെയ്യാൻ പോകുന്നത്.