മിന്നൽ മുരളി യൂണിവേഴ്സിന് കോടതി വിലക്ക്

Advertisement

ടോവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത് പുറത്തു വന്ന മലയാളം സൂപ്പർ ഹീറോ ചിത്രമാണ് മിന്നൽ മുരളി. വലിയ ഹിറ്റായ ഈ ചിത്രം നിർമ്മിച്ചത് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ്. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്ന് രചിച്ച ഈ ചിത്രത്തിന് ഒരു രണ്ടാം ഭാഗവും പ്ലാനിലുണ്ടെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു.

അതിനിടയിലാണ്, മിന്നൽ മുരളിയിലെ കഥാപാത്രങ്ങളെ ഉൾപ്പെടുത്തി ഒരു വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്‌സ് പ്രഖ്യാപിച്ചതും, അതിന്റെ ഭാഗമായി ധ്യാൻ ശ്രീനിവാസൻ നായകനായ ‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’ എന്ന ചിത്രം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് പ്രഖ്യാപിക്കുന്നതും. എന്നാലിപ്പോഴിതാ, മിന്നൽ മുരളിയിലെ കഥാപാത്രങ്ങളെ ഉൾപ്പെടുത്തി, ‘മിന്നൽ മുരളി’ യൂണിവേഴ്‌സിൽ സിനിമ ചെയ്യുന്നത് വിലക്കി കൊണ്ടുള്ള കോടതി ഉത്തരവ് പുറത്ത് വന്നിരിക്കുകയാണ്.

Advertisement

മിന്നൽ മുരളിയുടെ തിരക്കഥാകൃത്തുക്കളായ അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവർ സമർപ്പിച്ച പരാതിയിന്മേലാണ് കോടതിയുടെ ഈ ഉത്തരവ് വന്നിരിക്കുന്നത്. ഡിറ്റക്റ്റീവ് ഉജ്ജ്വലൻ എന്ന പുതിയ ചിത്രത്തിന്റെ നിർമ്മാതാക്കളായ വീക്കെന്റ് ബ്ലോക്ക് ബസ്റ്റേഴ്‌സിനാണ് പകർപ്പവകാശം ചൂണ്ടിക്കാട്ടി കോടതിയുടെ നിർദ്ദേശം ലഭിച്ചിരിക്കുന്നത്. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ ‘മിന്നൽ മുരളി’ സിനിമയെ സംബന്ധിച്ച കോപ്പി റൈറ്റ് പോളിസികൾ ലംഘിക്കപെടാൻ പാടില്ല എന്നാണ് കോടതിയുടെ നിർദേശം.

ധ്യാൻ ശ്രീനിവാസൻ നായകനായ ഡിറ്റക്റ്റീവ് ഉജ്ജ്വലന്റെ നിർമ്മാതാവായ സോഫിയ പോൾ, നെറ്റ്ഫ്ലിക്സ് ഇന്ത്യ, അമർ ചിത്രകഥ, സ്പിരിറ്റ് മീഡിയ, സിനിമയുടെ സംവിധായകരായ ഇന്ദ്രനീൽ ഗോപികൃഷ്ണൻ, രാഹുൽ ജി എന്നിവർക്കാണ് കോടതി നിർദേശം. മിന്നൽ മുരളിയിലെ കഥാപാത്രങ്ങളായ ബ്രൂസ് ലീ ബിജി, ജോസ്മോൻ, പിസി സിബി പോത്തൻ, എസ് ഐ സാജൻ തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒന്നും തന്നെ വാണിജ്യപരമായോ അല്ലാതെയോ പ്രചരിപ്പിക്കരുതെന്ന നിർദേശം നൽകിയത് എറണാകുളം ജില്ലാ കോടതിയാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close

22:42