എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ചിത്രം ഞാൻ പൂർത്തിയാക്കിയത് വിഷാദ രോഗത്തിലൂടെ കടന്നു പോകുമ്പോഴാണ്: വെളിപ്പെടുത്തി സംവിധായകൻ മിഥുൻ മാനുവൽ തോമസ്..!

Advertisement

മലയാള സിനിമയിലെ ഏറ്റവും പ്രശസ്തരായ സംവിധായകരിലൊരാളാണ് മിഥുൻ മാനുവൽ തോമസ്. ഓം ശാന്തി ഓശാന എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി അരങ്ങേറ്റം കുറിച്ച അദ്ദേഹം പിന്നീട് ആട് ഒരു ഭീകര ജീവിയാണ്, അലമാര, ആൻ മരിയ കലിപ്പിലാണ്, ആട് 2, അർജന്റീന ഫാൻസ്‌ കാട്ടൂർ കടവ്, അഞ്ചാം പാതിരാ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു. ഇതിൽ ആട് 2, അഞ്ചാം പാതിരാ എന്നീ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ വമ്പൻ വിജയം നേടിയ ചിത്രങ്ങളാണ്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ചിത്രം താൻ പൂർത്തിയാക്കിയത് വിഷാദ രോഗത്തിലൂടെ കടന്നു പോകുമ്പോഴാണ് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മിഥുൻ മാനുവൽ തോമസ്. തന്റെ ഫേസ്ബുക് ലൈവ് വിഡീയോയിലൂടെയാണ് അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയത്. രണ്ടു ദിവസം മുൻപ് പ്രശസ്ത ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത് ആത്മത്യ ചെയ്തത് വിഷാദ രോഗം മൂലമാണെന്ന റിപ്പോർട്ടുകൾ വരികയും അതിനെക്കുറിച്ചു സോഷ്യൽ മീഡിയയിൽ വലിയ ചർച്ച നടക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മിഥുൻ മാനുവൽ തോമസ് ഈ തുറന്നു പറച്ചിൽ നടത്തിയിരിക്കുന്നത്.

ഡിപ്രെഷനെക്കുറിച്ച്, ഞാൻ താണ്ടിയ വഴികളെകുറിച്ച്, എന്നാണ് മിഥുൻ മാനുവൽ തോമസ് തന്റെ വീഡിയോക്ക് കൊടുത്തിരിക്കുന്ന തലക്കെട്ട്. ആട് 2 എന്ന മിഥുൻ മാനുവൽ തോമസിന്റെ വമ്പൻ ഹിറ്റ് ഒരുങ്ങുന്നതിനു കുറച്ചു മാസങ്ങൾക്കു മുൻപാണ് താൻ വിഷാദ രോഗത്തിനടിമയായതു എന്നാണ് അദ്ദേഹം പറയുന്നത്. മരണ ഭയവും, രോഗ ഭയവും അതുപോലെ ഒരുപാട് നെഗറ്റീവ് ചിന്തകളും തന്റെ മനസ്സിനെ വലിയ രീതിയിൽ ബാധിച്ചുവെന്നും അദ്ദേഹം പറയുന്നു. ഈ രോഗമുണ്ട് എന്ന് തിരിച്ചറിയുകയും അത് മാറ്റാനായി പ്രൊഫഷണൽ സഹായം തേടുകയും ചെയ്യുന്നത് തന്നെയാണ് ഇതിൽ നിന്ന് രക്ഷപെടാനുള്ള ആദ്യ വഴിയെന്നും അദ്ദേഹം പറഞ്ഞു. ആട് 2 എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തനിക്കു പൂർത്തിയാക്കാൻ കഴിയുമോ എന്ന് വരെ സംശയിച്ചതായി അദ്ദേഹം വെളിപ്പെടുത്തുന്നു. അനാവശ്യ ചിന്തകളെ ഒഴിവാക്കി നമ്മളെ സന്തോഷിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യുക എന്നതാണ് വിഷാദ രോഗത്തിൽ നിന്ന് രക്ഷനേടാനുള്ള ഏറ്റവും നല്ല വഴിയെന്നും അദ്ദേഹം തന്റെ ജീവിതത്തിൽ നിന്നുള്ള ഉദാഹരണങ്ങൾ നിരത്തി വിശദീകരിച്ചു. ഒരിക്കലും ഭേദമാക്കാൻ കഴിയാത്ത അസുഖമല്ല വിഷാദ രോഗമെന്നും അതിനോട് പോരാടാൻ നമ്മൾ മനസ്സ് കൊണ്ട് തീരുമാനിച്ചാൽ വളരെ വേഗം അതിൽ നിന്ന് രക്ഷപെടാനാവുമെന്നും മിഥുൻ പറഞ്ഞു. പാർശ്വ ഫലങ്ങൾ പോലുമില്ലാത്ത വളരെ മികച്ച മരുന്നുകൾ പോലും ഈ രോഗത്തിന് ലഭിക്കുമെന്നതിനാൽ വിഷാദ രോഗത്തെ കൊണ്ട് നടക്കാതെ എത്രയും വേഗം എല്ലാവരും സഹായം തേടാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close