പ്രിയനെ മോഷണം പഠിപ്പിച്ചത് എം ജി ശ്രീകുമാർ; രസകരമായ ആ കഥ പറഞ്ഞു ഗായകൻ..!

Advertisement

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച സംവിധായകരിലൊരാളാണ് മലയാളത്തിന്റെ സ്വന്തം പ്രിയദർശൻ. തൊണ്ണൂറിലധികം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള അദ്ദേഹത്തിന്റെ കരിയറിലെ ഭൂരിഭാഗം ചിത്രങ്ങളും സൂപ്പർ വിജയം നേടിയവയാണ്. ദേശീയ അംഗീകാരം വരെ ലഭിച്ച ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള പ്രിയദർശനാണ്, 1980 നു ശേഷം മലയാളത്തിൽ ഏറ്റവും കൂടുതൽ ഇൻഡസ്ട്രി ഹിറ്റുകൾ ഒരുക്കിയിട്ടുള്ള സംവിധായകനും. ചിത്രവും കിലുക്കവും ചന്ദ്രലേഖയും പോലെയുള്ള ഇൻഡസ്ട്രി ഹിറ്റുകളും അനേകം ബ്ലോക്ക്ബസ്റ്ററുകളും സമ്മാനിച്ചിട്ടുള്ള പ്രിയദർശനാണ് ഇപ്പോൾ മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹവും ഒരുക്കിയത്. പ്രിയദർശന്റെ ആദ്യ കാലത്തേ മലയാള ചിത്രങ്ങളിൽ പലതും വിദേശ ഭാഷ ചിത്രങ്ങളുടെ പ്രമേയങ്ങൾ കടം കൊണ്ട് സൃഷ്ടിച്ചവയായിരുന്നു. അങ്ങനെ ചെയ്യുമ്പോൾ പോലും തന്റേതായ കയ്യൊപ്പ് ഓരോ ചിത്രങ്ങളിലും പതിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു എന്നതാണ് അത്തരം ചിത്രങ്ങൾ ഇരു കയ്യും നീട്ടി പ്രേക്ഷകർ സ്വീകരിക്കാനുണ്ടായ കാരണം. ഇപ്പോഴിതാ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും പ്രശസ്ത ഗായകനുമായ എം ജി ശ്രീകുമാർ പ്രിയനെ കുറിച്ചു പങ്കു വെക്കുന്ന ചില രസകരമായ ഓർമകളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നതു.

ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ എം ജി ശ്രീകുമാർ പറയുന്നത് തന്നെ സിനിമയിലേക്ക് കൊണ്ട് വന്നത് പ്രിയൻ ആണെന്നാണ്. താനും പ്രിയനും കൂടി ചേര്‍ന്ന് എംജി സോമനെ വെച്ച് അഗ്‌നിനിലാവ് എന്ന ചിത്രം എഴുതിയിരുന്നു എന്നും, തിരക്കഥയും കൊണ്ട് എംജി സോമനെ സമീപിച്ചപ്പോൾ അദ്ദേഹം അത് അപ്പോള്‍ തന്നെ ചവറ്റ് കുട്ടയില്‍ ഇട്ടു എന്നതും എം ജി ശ്രീകുമാർ പറയുന്നു. ഒരിക്കൽ ചിത്രം സിനിമയെ കുറിച്ച് പ്രിയന്‍ തന്നോട് പറഞ്ഞപ്പോൾ ഉണ്ടായ സംഭവത്തെ കുറിച്ചും ശ്രീകുമാർ വിശദീകരിക്കുന്നു. മോഹന്‍ലാലിനെ നായകനാക്കി കൊണ്ട് ഒരുക്കുന്ന ചിത്രമാണിത് എന്നും ഇതില്‍ ആരെ സംഗീത സംവിധായകനാക്കണമെന്നാണ് പ്രിയൻ ആദ്യം ചോദിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ആരെ വേണമെങ്കിലും ആക്കാമെന്നാണ് താൻ പറഞ്ഞതെന്നും, അവസാനം സിനിമയെ കുറിച്ചുള്ള സംസാരം മുറുകി വന്നപ്പോഴാണ്, ചിത്രത്തില്‍ മോഹന്‍ലാല്‍ കാണിക്കുന്ന ഫോട്ടോ എടുക്കുന്ന രംഗത്തെ കുറിച്ച് പ്രിയന്‍ പറഞ്ഞത് എന്ന് എം ജി ശ്രീകുമാർ ഓർത്തെടുക്കുന്നു. അപ്പോള്‍ തന്നെ അദ്ദേഹം പ്രിയനോട് പറഞ്ഞത്, നമുക്ക് വേണമെങ്കില്‍ അവിടെയൊരു പാട്ട് അടിച്ച് മാറ്റാമെന്നാണ്. പൂവോ പൊന്നിന്‍ പൂവേ. എന്നൊരു പഴയ പാട്ട് ഉണ്ടെന്നും, അതില്‍ ഇതു പോലൊരു സംഗതിയുണ്ട് എന്നും ശ്രീകുമാർ പറഞ്ഞു. അത് തന്നെയാണ് പാടം പൂത്ത കാലം എന്ന ഗാനമെന്നും, ചിത്രത്തിലെ ദൂരെ കിഴക്കുദിച്ചു മാണിക്യ ചെമ്പഴുക്ക. എന്ന ഗാനം ഉണ്ടായതും ഇതുപോലെയായിരുന്നു എന്നും എംജി ശ്രീകുമാര്‍ പറഞ്ഞു. പ്രിയനെ മോഷണം പഠിപ്പിച്ചത് എംജിയാണോ എന്നുള്ള അവതാരകന്റെ ചോദ്യത്തിനും രസകരമായി എം ജി ശ്രീകുമാർ പറഞ്ഞത്‌ നന്നായില്ലേ പ്രിയന്. ഇപ്പോള്‍ പ്രിയന്റെ സ്ഥിതി എന്താണ്. എന്നാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close