
Advertisement
വിജയ്-അറ്റ്ലി ടീമിന്‍റെ പുതിയ ചിത്രം മെര്‍സല്‍ അണിയറയില്‍ ഒരുങ്ങുകയാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുന്നേ റിലീസ് ചെയ്ത ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വമ്പന്‍ ഹിറ്റ് ആയിരുന്നു. തെരിയുടെ വമ്പന്‍ വിജയത്തിന് ശേഷം വിജയ് അറ്റ്ലി ചിത്രത്തില്‍ എത്തുമ്പോള്‍ ആരാധകരുടെ പ്രതീക്ഷ ഏറെയാണ്.
കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത തെരി ബോക്സോഫീസില്‍ വമ്പന്‍ വിജയമാണ് നേടിയത്. 150 കോടിയോളം ബിസിനസ്സ് ഉണ്ടാക്കാന്‍ ആ ചിത്രത്തിന് സാധിച്ചു. വിജയിയെ കുറിച്ച് പറയുമ്പോള്‍ അറ്റ്ലിയ്ക്ക് നൂറ് നാവാണ്. സിനിമയില്‍ തന്നെ മുന്നോട്ട് നയിച്ചത് വിജയ് നല്‍കിയ ധൈര്യമാണെന്ന്‍ അറ്റ്ലി പറയുന്നു.
Advertisement
അറ്റ്ലിയുടെ വാക്കുകളിലേക്ക്..
“വിജയ് സാറിനൊപ്പം ഉള്ള ഒരു സിനിമയാണ് സിനിമയിലേക്ക് എത്തുമ്പോഴേ എന്‍റെ ആഗ്രഹം. വിജയ് സര്‍ അഭിനയിച്ച ശങ്കര്‍ സാറിന്‍റെ നന്പനില്‍ ഞാന്‍ അസോസിയേറ്റ് ഡയറക്ടര്‍ ആയി വര്‍ക്ക് ചെയ്തിരുന്നു. അവിടുന്നാണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്.
സാധാരണ അസോസിയേറ്റ് ഡയറക്ടറോട് എല്ലാ നടന്മാരും സിനിമ കഴിഞ്ഞാല്‍ കാരവാനില്‍ കയറി ഒരു ബൈ പറയും. എന്നാല്‍ വിജയ് സാര്‍ അങ്ങനെ അല്ലായിരുന്നു. ‘നല്ല കഥ ഉണ്ടെങ്കില്‍ കൊണ്ടുവരൂ. നമുക്ക് സിനിമ ചെയ്യാം’ എന്നാണ് അദ്ദേഹം എന്നോടു പറഞ്ഞത്. സാധാരണ ഒരു സൂപ്പര്‍ സ്റ്റാറും ഇങ്ങനെ പറയില്ല, വിജയ് സാര്‍ അല്ലാതെ..
ആദ്യ ചിത്രമായ രാജാറാണിയ്ക്ക് ശേഷമാണ് ഞാന്‍ തെരിയുടെ തിരക്കഥയുമായി വിജയ് സാറെ കാണാന്‍ ചെല്ലുന്നത്. ഒന്നര വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കിയ തിരക്കഥയാണ് തെരിയുടേത്. അദ്ദേഹത്തിന് അത് ഇഷ്ടപ്പെട്ടു. തെരി ഉണ്ടാക്കിയ ബോക്സോഫീസ് റെക്കോര്‍ഡുകളല്ല എന്നെ സന്തോഷിപ്പിക്കുന്നത്. എവിടെ പോയാലും ജനങ്ങള്‍ തെരിയെ കുറിച്ച് സംസാരിക്കുന്നതു കാണുമ്പോഴാണ്. എനിക്ക് സ്വന്തമായി ചേട്ടന്‍ ഇല്ലായിരുന്നു. എന്നാല്‍ തെരിയ്ക്ക് ശേഷം ആ സങ്കടം തീര്‍ന്നു”
വെറും രണ്ട് സിനിമകള്‍ കൊണ്ട് തമിഴ് സിനിമ ലോകത്തെ ഞെട്ടിച്ച സംവിധായകനാണ് അറ്റ്ലി. ആദ്യ ചിത്രമായ രാജാറാണിയും രണ്ടാമത്തെ ചിത്രമായ തെരിയും ബോക്സോഫീസില്‍ വമ്പന്‍ കളക്ഷന്‍ ആണ് സ്വന്തമാക്കിയത്. തെരി കൂട്ടുകെട്ടില്‍ നിന്നും തന്നെ ഒരുങ്ങുന്ന മെര്‍സല്‍ സകല ബോക്സോഫീസ് റെക്കോര്‍ഡുകളും തകര്‍ക്കും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
സാമന്ത റൂത്ത് പ്രഭു, നിത്യ മേനോന്‍, കാജല്‍ അഗര്‍വാള്‍, SJ സൂര്യ, സത്യരാജ്, വടിവേലു തുടങ്ങിയ വമ്പന്‍ താരനിരയുമായി ഒരുങ്ങുന്ന മെര്‍സല്‍ 2017 അവസാനത്തോടെ തിയേറ്ററുകളില്‍ എത്തും. തെരി പോലെ ഈ സിനിമയും 100 കോടി ക്ലബ്ബില്‍ കയറുമോ എന്നു കാത്തിരുന്ന് കാണാം.