ദുബായ് എക്സ്പോയിൽ പ്രദർശിപ്പിക്കുന്ന ആദ്യ മലയാള സിനിമയായി മേപ്പടിയാൻ..!

Advertisement

ദുബായ് എക്സ്പോ ഇന്ത്യ പവലിയനിൽ ആദ്യമായി പ്രദർശിപ്പിക്കുന്ന മലയാള ചിത്രം എന്ന ബഹുമതി നേടിയെടുത്തിരിക്കുകയാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാൻ. ഇന്ത്യ പവലിയനിൽ അതിഥികൾക്ക് മുന്നിലായിരുന്നു ഈ ചിത്രത്തിന്റെ പ്രദർശനം നടന്നത്. എക്‌സ്‌പോയിൽ ആദ്യമായി പ്രദർശിപ്പിക്കുന്ന ചിത്രം മലയാളത്തിലാണെന്നതിൽ അഭിമാനമുണ്ടെന്ന് ഉണ്ണി മുകുന്ദൻ പറയുന്നു. ഈ ചിത്രത്തിലെ നായകൻ മാത്രമല്ല, ഇതിന്റെ നിർമ്മാതാവ് കൂടിയാണ് ഉണ്ണി മുകുന്ദൻ. തന്റെ പ്രൊഡക്ഷൻ ബാനർ ആയ ഉണ്ണി മുകുന്ദൻ ഫിലിമ്സിന്റെ ബാനറിൽ ഉണ്ണി ആദ്യമായി നിർമ്മിച്ച ചിത്രമാണ് മേപ്പടിയാൻ. അദ്ദേഹത്തിന്റെ ഏറ്റവും വലിയ സോളോ ഹിറ്റ് ആയി ഈ ചിത്രം മാറിയിരുന്നു. നവാഗതനായ വിഷ്ണു മോഹൻ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം കഴിഞ്ഞ മാസമാണ് തീയേറ്ററുകളിൽ എത്തിയത്.

ദുബായ് എക്‌സ്‌പോ പോലൊരു ലോക വേദിയിൽ ചിത്രം പ്രദർശിപ്പിക്കാൻ കഴിഞ്ഞത് വലിയ അംഗീകാരമാണെന്ന് സംവിധായകൻ വിഷ്ണു മോഹനും പറയുന്നു. പ്രവാസി മലയാളിയായ സജീവ് പുരുഷോത്തമനാണ് മേപ്പടിയാൻ എന്ന ചിത്രം എക്‌സ്‌പോയിൽ പ്രദർശിപ്പിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കി നൽകിയത്. ഇന്ദ്രൻസ്‌, സൈജു കുറുപ്പ്‌, അജു വർഗീസ്‌, വിജയ് ബാബു, കലാഭവൻ ഷാജോൺ, മേജർ രവി, ശങ്കർ രാമകൃഷ്ണൻ, ശ്രീജിത്ത്‌ രവി, കോട്ടയം രമേശ്, കൃഷ്ണ പ്രസാദ്, കുണ്ടറ ജോണി, ജോർഡി പൂഞ്ഞാർ, പൗളി വത്സൻ, മനോഹരിയമ്മ തുടങ്ങിയവരും അഭിനയിച്ച ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തത് അഞ്ജു കുര്യൻ ആണ്. ജയകൃഷ്ണൻ എന്ന് പേരുള്ള മോട്ടോർ മെക്കാനിക്ക് ആയാണ് ഉണ്ണി മുകുന്ദൻ ഇതിൽ അഭിനയിച്ചത്. ഒരേ സമയം ഡ്രാമയും ത്രില്ലറുമായാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close