മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുതിയ ചിത്രം സ്ട്രീറ്റ് ലൈറ്റ്‌സിന്റെ ടീസർ തരംഗമാകുന്നു..!

Advertisement

ഇന്നലെ വൈകുന്നേരം അഞ്ചു മണിക്കാണ് മമ്മൂട്ടി നായകനായ സ്ട്രീറ്റ് ലൈറ്റ്‌സ് എന്ന ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തത്. പ്രശസ്ത ക്യാമറാമാനായ ഷാംദത് സംവിധാനം ചെയ്‌ത ഈ ചിത്രം ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ വിഭാഗത്തിൽ വരുന്ന ആക്ഷൻ എന്റെർറ്റൈനെർ ആണ്. പ്ലേ ഹൗസിന്റെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് എന്നതും സ്ട്രീറ്റ് ലൈറ്റ്‌സിന്റെ പ്രത്യേകതയാണ്. ഈ വരുന്ന ജനുവരി 26 നു റിലീസ് ചെയ്യുന്ന ഈ ചിത്രത്തിന് തമിഴ് പതിപ്പും ഉണ്ട്. മലയാളം പതിപ്പിൽ നിന്ന് കുറച്ചു വ്യത്യാസം വരുത്തിയാണ് തമിഴ് പതിപ്പ് ഒരുക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫവാസ് മുഹമ്മദ് തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ടീസർ ഇപ്പോൾ തരംഗമായി മാറിയിരിക്കുകയാണ്. ആരാധകരെ ആവേശം കൊള്ളിക്കുന്ന ഈ ടീസർ ഇപ്പോൾ ലക്ഷക്കണക്കിന് പ്രേക്ഷകരെ ആകർഷിച്ചു കൊണ്ട് കുതിക്കുകയാണ്. മമ്മൂട്ടി ജെയിംസ് എന്ന പോലീസ് ഉദ്യോഗസ്ഥൻ ആയാണ് ഈ ചിത്രത്തിൽ എത്തുന്നത്.

ഈ ചിത്രത്തിന് ഒരു തെലുങ്ക് പതിപ്പ് ഒരുക്കാനും അണിയറ പ്രവർത്തകർക്ക് പ്ലാൻ ഉണ്ടെന്നു റിപ്പോർട്ടുകൾ വന്നിരുന്നു. ഈ ചിത്രത്തിൽ ലിജോമോൾ ജോസ്, ധർമജൻ ബോൾഗാട്ടി, സൗബിൻ ഷാഹിർ, എന്നിവരും നിർണ്ണായക വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്. ആദർശ് എബ്രഹാം സംഗീതം പകർന്നിരിക്കുന്നു സ്ട്രീറ്റ് ലൈറ്റ്‌സ് എഡിറ്റ് ചെയ്തിരിക്കുന്നത് മനോജ് ആണ്. ഈ വർഷത്തെ മമ്മൂട്ടിയുടെ ആദ്യത്തെ റിലീസ് എന്ന നിലയിൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന ഒരു മമ്മൂട്ടി ചിത്രം വന്നിട്ടു കുറച്ചു കാലം ആയി എന്നുള്ളത് കൊണ്ട് തന്നെ സ്ട്രീറ്റ് ലൈറ്റ്‌സ് എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തും എന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close