മമ്മൂട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ സഹായം ചോദിച്ച് കമന്റിട്ട യുവാവിന് സഹായമൊരുക്കി ഒരിക്കൽ കൂടി സോഷ്യൽ മീഡിയയുടെ കയ്യടി നേടുകയാണ് മലയാളത്തിന്റെ മെഗാ സ്റ്റാർ. ജയകുമാർ എന്ന വ്യക്തിയാണ് ചികിൽസയ്ക്ക് സഹായം ചോദിച്ച് മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഫേസ്ബുക് പേജിൽ കമന്റ് ഇട്ടതു. കാര്യം സത്യമാണെന്ന് തിരിച്ചറിഞ്ഞ താരം തന്റെ ജീവകാരുണ്യപ്രവർത്തനങ്ങളുടെ ചുമതല വഹിക്കുന്ന റോബർട്ടിനോട് ഇതേ കുറിച്ച് അന്വേഷിക്കാനും വേണ്ടത് ചെയ്യാനും ചുമതലപ്പെടുത്തുകയായിരുന്നു. “എന്റെ പേര് ജയകുമാർ, എറണാകുളം ജില്ലയിലെ കോലഞ്ചേരിയിലെ ഒരു ചെറിയ മുറിയിലാണ് താമസം. എന്റെ രണ്ട് കിഡ്നിയും തകരാറിലാണ്. ആഴ്ചയിൽ മൂന്നു ഡയാലിസിസ് ചെയ്യണം. കൂടാതെ ഹൃദയവും തകരാറിലാണ്.എന്നെ സഹായിക്കാൻ ബന്ധുക്കളൊന്നുമില്ല. ചികിൽസയ്ക്ക് മാസം 40,000 രൂപ വേണം. പക്ഷേ എനിക്ക് ഭക്ഷണത്തിന് പോലും പണം കണ്ടെത്താനാവുന്നില്ല. ആത്മഹത്യ അല്ലാതെ വേറെ വഴിയില്ല. മമ്മൂക്ക എന്നെെയാന്ന് സഹായിക്കണം”. ഇതായിരുന്നു മമ്മൂട്ടിയുടെ പേജിൽ ജയകുമാർ ഇട്ട പോസ്റ്റ്. ഈ പോസ്റ്റിനു റോബർട്ട് നൽകിയ മറുപടി ഇങ്ങനെയാണ്, “പ്രിയ ജയകുമാർ, താങ്കളുടെ ആവശ്യം ശ്രദ്ധയിൽപ്പെട്ടു. രണ്ടു തടസങ്ങളാണ് പ്രധാനമായും ഉള്ളത്. ഒന്ന് ഈ ആവശ്യം പരിഹരിക്കാൻ പറ്റുന്ന പദ്ധതികൾ കെയർ ആന്റ് ഷെയർ ഫൗണ്ടേഷന് മുൻപിൽ ഇല്ല. രണ്ട് ഇപ്പോൾ താങ്കൾ ചികിൽസയിലുള്ള ആശുപത്രിയുമായി നമുക്ക് ചികിൽസാധാരണകളും ഇല്ല. എങ്കിലും മമ്മൂക്കയുടെ പ്രത്യേക നിർദ്ദേശത്തെ തുടർന്ന് താങ്കളുടെ ചികിൽസയക്കായി ഒരു തുക ഈ ആശുപത്രിയിൽ അടക്കാൻ ഏർപ്പാടുചെയ്തിട്ടുണ്ട്. ഇതിനൊപ്പം നമ്മുടെ പാനലിൽ ഉള്ള രാജഗിരി ആശുപത്രിയിൽ 50 ഡയാലിസിസുകൾ സൗജന്യമായി ചെയ്യാനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്”.
ഫാൻസ് അസോസിയേഷൻ വഴിയും അല്ലാതെ മറ്റു ചാരിറ്റി പ്രോഗ്രാമുകൾ വഴിയും ഒട്ടേറെ പേരെ സഹായിക്കുന്ന വ്യക്തിയാണ് മമ്മൂട്ടി. മലയാള സിനിമയിലെ പ്രമുഖ താരങ്ങൾ എല്ലാവരും ഇത്തരം കാരുണ്യ പ്രവർത്തനങ്ങൾ നടത്തി ശ്രദ്ധ നേടിയവരാണ്. മമ്മൂട്ടി, മോഹൻലാൽ, ജയസൂര്യ, ദിലീപ്, പൃഥ്വിരാജ് തുടങ്ങി ഒട്ടേറെ പേർ ഇതുപോലെ ഫാൻസ് അസോസിയേഷൻ വഴിയും തങ്ങൾ നേതൃത്വം നൽകുന്ന വിവിധ സംഘടനകൾ വഴിയും സഹായം ആവശ്യമുള്ളവർക്ക് താങ്ങും തണലുമായി എത്തുന്നുണ്ട്. മെഗാ സ്റ്റാർ മമ്മൂട്ടി ഇങ്ങനെ സഹായിച്ചവരുടെ എണ്ണം വളരെ വലുതാണ്. ഒരിക്കൽ കൂടി മമ്മൂട്ടി എന്ന മനുഷ്യൻ തിളങ്ങി നിൽക്കുന്ന കാഴ്ചയാണ് നമ്മുക്ക് കാണാൻ സാധിക്കുന്നത്.