മമ്മൂട്ടിയെ നായകനാക്കി ഷാജി പാടൂർ സംവിധാനം ചെയ്ത ചിത്രമാണ് അബ്രഹാമിന്റെ സന്തതികൾ. രഞ്ജിത്, രഞ്ജി പണിക്കർ തുടങ്ങിയ സംവിധായകരുടെ അസ്സോസിയേറ്റ് ഡയറക്ടറായി പ്രവർത്തനപരിചയമുള്ള സംവിധായാകൻ കൂടിയാണ് ഷാജി പാടൂർ. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമായ ചിത്രങ്ങളിൽ ഒന്നായ ഗ്രേറ്റ് ഫാദറിൽ ഹനീഫ് അദേനിയുടെയും അസ്സോസിയേറ്റ് ഡയറക്ടർ അദ്ദേഹം തന്നെയായിരുന്നു. മമ്മൂട്ടി 10 വര്ഷങ്ങള്ക്ക് മുമ്പ് ഡേറ്റ് നൽകിയിട്ടും നല്ലൊരു തിരക്കഥയ്ക്ക് വേണ്ടി വർഷങ്ങളോളം കാത്തിരിക്കുകയായിരുന്നു. അബ്രഹാമിന്റെ സന്തതികൾക്ക് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത് ഹനീഫ് അദേനിയാണ്. ആക്ഷൻ ത്രില്ലർ ജോണറിലാണ് ചിത്രം അണിയിച്ചൊരുക്കിയിരുന്നത്. ഈ വർഷം പുറത്തിറങ്ങിയ എല്ലാ സിനിമകളുടെ റെക്കോർഡുകൾ ഭേദിച്ചു ഡെറിക്ക് അബ്രഹാം ബോക്സ് ഓഫീസിൽ വൻ ആധ്യാപത്യമാണ് സ്ഥാപിച്ചിരിക്കുന്നത്.
അബ്രഹാമിന്റെ സന്തതികൾ കേരളത്തിൽ ഇതിനോടകം 50 ദിവസങ്ങൾ പ്രദർശനം പൂർത്തിയാക്കി കഴിഞ്ഞിരിക്കുന്നു. ഒരുപാട് വമ്പൻ റിലീസുകളുടെ ഇടയിലും തലയെടുപ്പോടെ നിൽക്കുകയാണ് മമ്മൂട്ടി ചിത്രം. കേരളത്തിലെ സിംഗിൾ സ്ക്രീനിലും മൾട്ടിപ്ലെക്സിലും ചിത്രം പ്രദർശനം തുടരുന്നുണ്ട്. ജി.സി.സി യിൽ ചിത്രം രജനികാന്തിന്റെ കാലയെ മറികടന്ന് നിറഞ്ഞ സദസ്സിൽ തന്നെയാണ് മുന്നേറുന്നത്. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും ഉയർന്ന യു.എ. ഈ – ജി.സി.സി കളക്ഷൻ എന്ന റെക്കോർഡാണ് അബ്രഹാം സ്വന്തമാക്കിയിരിക്കുന്നത്. കേരളത്തിലെ ഈ വർഷത്തെ റെക്കോർഡുകൾ പരിശോധിക്കുമ്പോൾ ആദ്യ ദിന കളക്ഷനിലും ഫൈനൽ കളക്ഷനിലും ഡെറിക്ക് തന്നെയാണ് ഒന്നാമൻ. അതിവേഗത്തിൽ 1000 ഹൗസ്ഫുൾ ഷോസ് എന്ന റെക്കോര്ഡ് ആദ്യമേ മമ്മൂട്ടി ചിത്രം സ്വന്തമാക്കിയിരുന്നു. ബോക്സ് ഓഫീസിൽ വർഷങ്ങൾക്ക് ശേഷം വലിയൊരു തിരിച്ചു വരവ് തന്നെയാണ് മമ്മൂട്ടി നടത്തിയിരിക്കുന്നത്. ഗുഡ്‌വിൽ എന്റർടൈന്മെന്റ്സിന്റെ ബാനറിൽ ജോബി ജോർജാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.