മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് നിരവധി വിശേഷണങ്ങള്‍ പലപ്പോഴായി ആരാധകര്‍ ചാര്‍ത്തിക്കൊടുത്തിട്ടുണ്ട്. നവാഗതരെ എപ്പോഴും ചേര്‍ത്ത് നിര്‍ത്തുന്ന അദ്ദേഹത്തിന്റെ സ്വഭാവമാണ് സിനിമ ലോകത്ത് മമ്മൂട്ടിയെ വ്യത്യസ്തനാക്കുന്ന പ്രധാന ഗുണം. യുവ സംവിധായകനായ ഒമര്‍ ലുലു മമ്മൂട്ടിയേക്കുറിച്ച് പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.
ഹാപ്പി വെഡ്ഡിംഗ്, ചങ്ക്‌സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന സിനിമയാണ് ഒരു അഡാര്‍ ലൗ. ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ സംബന്ധിച്ച ക്ഷണക്കത്ത് അദ്ദേഹം മമ്മൂട്ടി ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് അയച്ചിരുന്നു. എന്നാല്‍ മറ്റ് താരങ്ങളില്‍ നിന്ന് വ്യത്യസ്തമായി അതിനോട് പ്രതികരിച്ചത് മമ്മൂട്ടി മാത്രമായിരുന്നു. ചിത്രത്തിന് ആശംസ അറിയിച്ചുകൊണ്ടുള്ള മമ്മൂട്ടിയുടെ വാട്ട്‌സ് ആപ്പ് സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടെയാണ് ഒമര്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.
മമ്മൂക്കയുടെ ഒരു അഡാറ് വിഷ് എന്ന തലവാചകത്തോടെയാണ് ഒമറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. തന്റെ ചിത്രത്തിന് ആശംസ നേര്‍ന്ന മമ്മൂട്ടിയെ പ്രകീര്‍ത്തിക്കുന്നതിനൊപ്പം തന്റെ സന്ദേശത്തെ അവഗണിക്കുകയും ഫോണ്‍ ചെയ്തപ്പോള്‍ പ്രതികരിക്കാതിരിക്കുകയും ചെയ്ത യുവതാരങ്ങളാണ് യഥാര്‍ത്ഥ ജാഡക്കാരെന്നും ഒമര്‍ കുറിക്കുന്നു. ‘നായകന്മാര്‍ വരും പോകും, എന്നാല്‍ മഹാന്മാര്‍ എക്കാലവും നിലനില്‍ക്കും’ എന്ന വാചകത്തിന്റെ അര്‍ത്ഥവ്യാപ്തി ‘മെഗാസ്റ്റര്‍’ എന്ന ഒറ്റ വിശേഷണത്തില്‍ ഒതുങ്ങുന്നുവെന്നും ഒമര്‍ കൂട്ടിച്ചേര്‍ക്കുന്നു.
ചങ്ക്‌സ് എന്ന ചിത്രത്തിന്റെ ഗംഭീര ബോക്‌സ് ഓഫീസ് വിജയത്തിന് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പ്രണയ ചിത്രമാണ് ഒരു അഡാര്‍ ലൗ. പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കുന്ന ചിത്രം ഏപ്രിലില്‍ തിയറ്ററിലെത്തും. അതിന് ശേഷം ചങ്ക്‌സിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിക്കും. മമ്മൂട്ടിയൂടേതായി അണിയറയില്‍ പുരോഗമിക്കുകയും ചിത്രീകരണത്തിന് ഒരുങ്ങുകയും ചെയ്യുന്ന ചിത്രങ്ങളില്‍ ഏറിയ പങ്കും നവാഗത സംവിധായകരുടേതാണ്. ഛായാഗ്രഹകനായ ശ്യാംദത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ‘സ്ട്രീറ്റ് ലൈറ്റ്‌സാണ് ഈ വര്‍ഷത്തെ മമ്മൂട്ടിയുടെ ആദ്യ റിലീസ്. പരോള്‍, അങ്കിള്‍, അബ്രഹാമിന്റെ സന്തതികള്‍ എന്നീ നവാഗത സംവിധായകരുടെ ചിത്രങ്ങളാണ് പിന്നാലെ തിയറ്ററിലേക്ക് എത്തുന്നത്.