
കഴിഞ്ഞ 10 ദിവസത്തിലേറെയായി ബ്രഹ്മപുരത്തെ പുകയിൽ ശ്വാസം മുട്ടുന്ന ജനങ്ങൾക്ക് വൈദ്യസഹായവുമായി മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി. താരത്തിന്റെ നിർദ്ദേശത്തിനനുസരിച്ച് രാജഗിരി ആശുപത്രിയിലുള്ള മെഡിക്കൽ സംഘമാണ് ചൊവ്വാഴ്ച മുതൽ ബ്രഹ്മപുരം ജനങ്ങൾക്ക് സൗജന്യ വൈദ്യ പരിശോധന നൽകുന്നത്. പുക ഏറ്റവും കൂടുതൽ വ്യാപിച്ചിരിക്കുന്ന പ്രദേശങ്ങളിലാണ് വൈദ്യസഹായവുമായി മെഡിക്കൽ യൂണിറ്റ് സജ്ജമാകുന്നത്.
ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ള രോഗികൾക്കും മറ്റു ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും മരുന്നുകളും ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും ഉള്‍പ്പെടെയുള്ളവയുമായി സഞ്ചരിക്കുന്ന മെഡിക്കല്‍ യൂണിറ്റ് തയ്യാറാകും . ഡോ.ബിജു രാഘവന്റെ നേതൃത്വത്തിലാണ് മെഡിക്കല്‍ യൂണിറ്റുകളുടെ പ്രവര്‍ത്തനം നടത്തുന്നത്. രാജഗിരി ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട് ആയ ഡോ.സണ്ണി.പി.ഓരത്തെല്‍, ശ്വാസകോശ വിഭാഗത്തിലെ ഡോ.വി.രാജേഷ് എന്നിവരുടെ നേതൃത്വത്തിലും വിദഗ്ധ യൂണിറ്റിനെ സജ്ജമാക്കിയിട്ടുണ്ട്. ദിവസങ്ങൾ ഏറെയായി ബ്രഹ്മപുരത്തെ വിഴുങ്ങിയ വിഷ പുക ശ്വസിച്ച ഒട്ടേറെ ജനങ്ങൾ ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ ഉറപ്പാക്കിയിട്ടുണ്ട്.
ചികിത്സ ആവശ്യമായവർക്ക് മെഡിക്കൽ യൂണിറ്റുകൾ ഉപയോഗപ്രദമാകുമെന്ന് രാജഗിരി ആശുപത്രിയിലെ അധികൃതർ അറിയിച്ചു. ഈ പ്രത്യേക സാഹചര്യത്തിൽ മമ്മൂട്ടിയുടെ സമയോചിതമായ ഇടപെടൽ എന്തുകൊണ്ടും പ്രശംസ അർഹിക്കുന്നുവെന്നാണ് മലയാളികൾ ഒന്നടങ്കം പറയുന്നത്. ഇതിനോടകം മമ്മൂട്ടിയുടെ മാതൃകാപരമായ നീക്കം വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്.