മമ്മൂട്ടിയെ നായകനാക്കി സേതു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒരു കുട്ടനാടൻ ബ്ലോഗ്’. മലയാള സിനിമയ്ക്ക് വേണ്ടി ഒരുപിടി തിരക്കഥകൾ രചിച്ചിട്ടുള്ള സേതുവിന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണിത്. ജയറാം നായകനായിയെത്തിയ അച്ചായൻസ് എന്ന സിനിമക്ക് വേണ്ടിയാണ് സേതു അവസാനമായി തിരക്കഥ രചിച്ചിരിക്കുന്നത്. കുട്ടനാടിന്റെ പഞ്ചാത്തലത്തിൽ ഒരുക്കുന്ന ഒരു ചിത്രമാണ് ‘ഒരു കുട്ടനാടൻ ബ്ലോഗ്’. റൊമാൻസ്, കോമഡി,ഫാമിലി എന്നിവയ്ക്ക് പ്രാധാന്യം നൽകികൊണ്ട് ഒരു ഫാമിലി എന്റർട്ടയിനറായാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. അനു സിത്താര, ഷംന കാസിം, ലക്ഷ്മി റായ് എന്നിവരാണ് നായിക വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ഷംന കാസിം പോലീസ് വേഷമാണ് കൈകാര്യം ചെയ്യുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറും ഏറെ പ്രതീക്ഷ നൽകുന്ന ഒന്ന് തന്നെയായിരുന്നു. കുട്ടനാടിന്റെ വള്ളംകളിയെ ആസ്പദമാക്കിയായിരുന്നു ടീസർ ഇറക്കിയിരുന്നത്. ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ചു ‘ഒരു കുട്ടനാടൻ ബ്ലോഗിന്റെ ട്രെയ്‌ലർ അടുത്ത് തന്നെയുണ്ടാവും പുറത്തിറങ്ങും.
ആഗസ്റ്റ് മാസം 5ആം തിയതി മമ്മൂട്ടി ചിത്രത്തിന്റെ ട്രൈലർ പുറത്തിറങ്ങും. മമ്മൂട്ടിയുടെ ഫേസ്‍ബുക്ക് പേജിലൂടെ വൈകുന്നേരം പ്രദർശനത്തിനെത്തും. സിനിമയുടെ കഥാന്തരീക്ഷത്തെ പ്രേക്ഷകരെ പരിചയപ്പെടുത്തുവാൻ ഒരുക്കുന്ന മനോഹരമായ ഒരു ട്രൈലറായിരിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സിനിമ പ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്ന ഒരു കുട്ടനാടൻ ബ്ലോഗ് ആഗസ്റ്റ് 24ന് റിലീസിനെത്തും എന്നാണ് അവസാനം വന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കുറെയേറെ ചിത്രങ്ങൾ ഈ വർഷം ഓണത്തിന് റിലീസിമായി ഒരുങ്ങുന്നുണ്ട്. ഓണത്തിന് ഒരു ദൃശ്യ വിരുന്ന് തന്നെ മലയാളികൾക്ക് സമ്മാനിക്കും എന്ന കാര്യത്തിൽ തീർച്ച.
സേതു തന്നെയാണ് കുട്ടനാടൻ ബ്ലോഗിന് വേണ്ടി തിരക്കഥ എഴുതിയിരിക്കുന്നത്. ജേക്കബ് ഗ്രിഗറി, വിവേക് ഗോപൻ, ഷഹീൻ സിദ്ദിഖ്, സഞ്ജു ശിവാറാം, ജൂഡ് ആന്റണി, നെടുമുടി വേണു, സിദ്ദിക്ക്, സുരാജ് വെഞ്ഞാറമൂട്, ലാലു അലക്സ്, തെസ്നി ഖാൻ, നന്ദൻ ഉണ്ണി, സോഹൻ സീനുലാൽ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. സണ്ണി വെയ്ൻ ചിത്രത്തിൽ അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. പ്രദീപ് നായരാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ശ്രീനാഥ് ശിവശങ്കരനാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. മെമ്മറിസ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മുരളി ഫിലിംസിന്റെ ബാനറിൽ പി.കെ മുരളീധരനും ശാന്ത മുരളിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.