മലയാളത്തിലെ പ്രശസ്ത നടന്മാരായ ഇർഷാദ്, ഇന്ദ്രൻസ് എന്നിവർ ശ്കതമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് പായ്ക്കപ്പൽ. തന്മാത്ര എന്ന സൂപ്പർഹിറ്റ് മോഹൻലാൽ- ബ്ലെസ്സി ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച ശേഷം ഒരുപിടി ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നായികാ താരം മീര വാസുദേവ് വീണ്ടും വരുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മിനിസ്ക്രീൻ സീരിയലായ കുടുംബവിളക്കിലെ സുമിത്രയായി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിയതിന് ശേഷമാണ് മീര വാസുദേവ് ഇപ്പോൾ സിനിമയിലേക്ക് തിരിച്ച് വരവ് നടത്തുന്നത്. മലയാളം കൂടാതെ, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും അഭിനയിച്ചിട്ടുള്ള നടിയാണ് മീര വാസുദേവ്. ഏറനാട് സിനിമാസിൻ്റെ ബാനറിൽ ഖാദർ തിരൂർ നിർമ്മിച്ച് മുഹമ്മദ് റാഫി തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന പായ്ക്കപ്പൽ അടുത്ത മാസം പതിനൊന്നിനാണ് റിലീസ് ചെയ്യാൻ പോകുന്നത്. തരംഗം റിലീസാണ് ഈ ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത്.
ഇർഷാദ്, ഇന്ദ്രൻസ്, മീര വാസുദേവ് എന്നിവരെ കൂടാതെ സുരേഷ് കൃഷ്ണ, ഖാദർ തിരൂർ, നിഹാൽ ഉസ്മാൻ, നാരായണൻ നായർ, സാലു കൂറ്റനാട്, സുരഭി ലക്ഷ്മി, ദീപ ജയൻ, സ്നേഹ ശ്രീകുമാർ, വൽസല മേനോൻ, വിഷ്ണു പുരുഷൻ എന്നിവരാണ് ഇതിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിപിൻ മോഹൻ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് സംവിധായകൻ മുഹമ്മദ് റാഫിയാണ്. റഫീഖ് അഹമ്മദാണ് ഇതിനു വേണ്ടി വരികൾ രചിച്ചത്. അഖിൽ ഏലിയാസ് എഡിറ്റിംഗ് നിർവഹിച്ച ഈ ചിത്രത്തിന് പശ്‌ചാത്തല സംഗീതമൊരുക്കിയത് പി.ജെ, വസ്ത്രാലങ്കാരം നിർവഹിച്ചത് രാധാകൃഷ്ണൻ മങ്ങാട്, കലാസംവിധാനം ഷബീറലി എന്നിവരാണ്.