![](https://i0.wp.com/onlookersmedia.com/wp-content/uploads/2020/02/mammootty-dulquer-surumi-image.jpg?fit=1024%2C592&ssl=1)
മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ മകൻ ആണ് യുവ താരം ദുൽഖർ സൽമാൻ. ആരാധകർ കുഞ്ഞിക്ക എന്ന് വിളിക്കുന്ന ഈ നടൻ ഇപ്പോൾ മലയാളവും കടന്നു തമിഴ്, തെലുങ്ക്, ഹിന്ദി ഇന്ഡസ്ട്രികളിലും പ്രശസ്തനാണ്. ദുൽഖർ ആദ്യമായി നിർമ്മിച്ച വരനെ ആവശ്യമുണ്ട് എന്ന മലയാള ചിത്രം ഇപ്പോൾ സൂപ്പർ വിജയം നേടി ഓടിക്കൊണ്ടിരിക്കുകയാണ്. സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദർശൻ എന്നിവർക്കൊപ്പം ദുൽഖറും ആ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ദുൽഖർ നായകനായ കണ്ണും കണ്ണും കൊള്ളയ് അടിത്താൽ എന്ന തമിഴ് ചിത്രം റിലീസ് ചെയ്യാൻ പോകുകയാണ്. അതിന്റെ പ്രൊമോഷന്റെ ഭാഗമായി ബിഹൈൻഡ് വുഡ്‌സ് ടിവിക്കു ദുൽഖർ നൽകിയ അഭിമുഖത്തിൽ പറഞ്ഞ ഒരു കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. വലിയ താരമായ അച്ഛന്റെ പേര് ജീവിതത്തിൽ എന്തെങ്കിലും കാര്യത്തിന് ഉപയോഗിച്ചിട്ടുണ്ടോ എന്നായിരുന്നു അവതാരകയുടെ ചോദ്യം. ഇല്ല എന്ന് മറുപടി പറഞ്ഞ ദുൽഖർ, ജീവിതത്തിൽ ഒരു എയർ പോർട്ട് ലൈൻ മറികടക്കാൻ പോലും മമ്മൂട്ടി എന്ന അച്ഛന്റെ പേര് ഉപയോഗിച്ചിട്ടില്ല എന്ന് പറയുന്നു.
താൻ മാത്രമല്ല തന്റെ സഹോദരിയും അങ്ങനെയാണ് എന്നും ദുൽഖർ വിശദീകരിക്കുന്നു. അത് തങ്ങൾ എടുത്ത ഒരു തീരുമാനമാണ് എന്നും അതിനു മാറ്റമുണ്ടാവില്ല എന്നും ദുൽഖർ സൽമാൻ പറയുന്നു. ശ്രീനാഥ് രാജേന്ദ്രൻ ഒരുക്കിയ സെക്കന്റ് ഷോ എന്ന മലയാള ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ ദുൽഖർ ഇപ്പോൾ വലിയ അർദ്ധക വൃന്ദമുള്ള താരമാണ്. ദുൽഖറിന്റെ ഇരുപത്തിയഞ്ചാമത്തെ റിലീസ് ആയാണ് കണ്ണും കണ്ണും കൊള്ളയ് അടിത്താൽ എത്തുന്നത്. ദേസിങ് പെരിയസാമി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് വയാകോം 18 സ്റുഡിയോസും ആന്റോ ജോസഫ് ഫിലിം കമ്പനിയും ചേർന്നാണ്. ഈ വരുന്ന വെള്ളിയാഴ്ച ഈ റൊമാന്റിക് ത്രില്ലർ ചിത്രം തീയേറ്ററുകളിലെത്തും. കുറുപ്പ് എന്ന ചിത്രമാണ് ദുൽഖറിന്റെ അടുത്ത മലയാളം റിലീസ്.