മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് സിബിഐ 5 ദി ബ്രെയിൻ. എസ് എൻ സ്വാമി രചിച്ചു കെ മധു സംവിധാനം ചെയ്ത ഈ ചിത്രം ഈ കഴിഞ്ഞ മെയ് ഒന്നിനാണ് റിലീസ് ചെയ്തത്. ഈ സീരീസിലെ അഞ്ചാമത്തെ ചിത്രമായ ഇതിനു പക്ഷെ സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന് ലഭിച്ച അത്തരം പ്രേക്ഷക പ്രതികരണങ്ങളെ കുറിച്ച് മനസ്സ് തുറക്കുകയാണ് രചയിതാവായ എസ് എൻ സ്വാമി. മലയാളം ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതിനെക്കുറിച്ച് പ്രതികരിച്ചത്. പുതിയ കാലത്തിനനുസൃതമായ ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറല്ല ഈ ചിത്രമെന്ന് പ്രേക്ഷകരൊന്നടങ്കം വിമര്ശിക്കുന്നുണ്ട്. അതോടൊപ്പം തന്നെ ഈ ചിത്രത്തിന്റെ കാസ്റ്റിംഗ്, അതുപോലെ ഇതിലെ സേതുരാമയ്യരുടെ മേക്കപ്പ് എന്നിവയെ വരെ പ്രേക്ഷക സമൂഹം നിശിതമായി വിമർശിക്കുകയാണ്.
സി.ബി.ഐ അഞ്ചാം ഭാഗത്തിന് ലഭിക്കുന്ന പ്രേക്ഷക പ്രതികരണങ്ങള്‍ എങ്ങനെയുണ്ടെന്ന അവതാരകയുടെ ചോദ്യത്തിന് എസ് എൻ സ്വാമി പറയുന്നത്, സി.ബി.ഐ 5 ഇതുവരെ തിയേറ്ററില്‍ പോയി കണ്ടിട്ടില്ലായെന്നും, തിരക്കൊഴിയാൻ കാത്തു നിൽക്കുകയാണെന്നുമാണ്. മാത്രമല്ല, അങ്ങനെയുള്ള പ്രതികരണങ്ങൾ വരുന്നത് സ്വാഭാവികമാണെന്നും 75 ശതമാനവും വളരെ അനുകൂലമായ അഭിപ്രായവും 25 ശതമാനം സമ്മിശ്ര പ്രതികരണവുമാണ് ലഭിക്കുന്നതെന്നും സ്വാമി പറയുന്നു. ന്യൂ ജനറേഷന്‍ ഉദ്ദേശിക്കുന്ന പോലെയാകണമെന്നില്ല എല്ലാ സിനിമയുമെന്നും, അല്‍പം മെച്വേര്‍ഡ് ആയവര്‍ക്ക്, പക്വതയുള്ളവര്‍ക്ക് ഈ സിനിമ വളരെ ഇഷ്ടപ്പെടുമെന്നും എസ് എൻ സ്വാമി പറഞ്ഞു. ഒരു സി.ബി.ഐ സിനിമകള്‍ക്കും കാണാത്തത്ര സ്ത്രീകളുടെ തിരക്ക് ഈ സിനിമക്ക് കണ്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.