നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി. ഹേയ് ജൂഡ് എന്ന ചിത്രത്തിന് ശേഷം അതിശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് നിവിൻ പോളി. ബോബി- സഞ്ജയ് എന്നിവരാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത്. തെന്നിന്ത്യൻ താരറാണി പ്രിയ ആനന്ദാണ് ചിത്രത്തിൽ നായിക വേഷം കൈകാര്യം ചെയ്യുന്നത്. പൃഥ്വിരാജ് ചിത്രം എസ്രയിലൂടെ മലയാളികൾക്ക് സുപരിച്ചതയാണ് പ്രിയ. മലയാളത്തിന്റെ നടനവിസ്മയം മോഹൻലാൽ ഇത്തിക്കര പക്കിയായി ചിത്രത്തിൽ രണ്ടാം പകുതിയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ആക്ഷൻ, റൊമാൻസ്, എന്നിവയ്ക്ക് തുല്യ പ്രാധാന്യം നൽകികൊണ്ട് ഒരു മാസ്സ് എന്റർട്ടയിനറായിട്ടാണ് അണിയിച്ചൊരുക്കുന്നത്. കായംകുളം കൊച്ചുണ്ണിയുടെ ട്രെയ്‌ലർ സിനിമ പ്രേമികളുടെ പ്രതീക്ഷകൾ വാനോളം ഉയർത്താൻ സാധിച്ചു, ചിത്രത്തിന്റെ ക്യമാറ വർക്കുകളും വി.എഫ്.എക്‌സ് വർക്കുകൾ ട്രെയ്‌ലറിന് മാറ്റ് കൂട്ടി. ഷാരുഖ് ഖാന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലിസ് ആദ്യനായി വി. എഫ്.എക്‌സ് വർക്കുകൾ കൈകാര്യം ചെയ്ത മലയാള ചിത്രം കൂടിയാണിത്. 45 കോടി രൂപ ബഡ്ജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
കായംകുളം കൊച്ചുണ്ണിയുടെ പ്രൊമോഷൻ വർക്കുകൾ വളരെ മികച്ച രീതിയിലാണ് അണിയറ പ്രവർത്തകർ കൈകാര്യം ചെയ്യുന്നത്. റിലീസിന് ഒരു മാസം ബാക്കി നിൽക്കെ എങ്ങും കൊച്ചുണ്ണി മയം തന്നെയാണ്. ബസുകളിലും ട്രെയിനുകളിലും ചിത്രത്തിന്റെ വലിയ പോസ്റ്ററുകൾ പലയിടത്തും ഒട്ടിച്ചിരിക്കുന്നത് കാണാൻ സാധിക്കും. മുമ്പ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഫുൾ സൈസിലാണ് പത്രങ്ങളിൽ കൊടുത്തിരുന്നത്. തീയറ്റർ ലിസ്റ്റടങ്ങുന്ന വലിയ പരസ്യങ്ങൾ പത്രങ്ങളിൽ കണ്ടിട്ടുണ്ടെങ്കിലും മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ഇത്രെയേറെ പബ്ലിസിറ്റി നൽകുന്നത്. സണ്ണി വെയ്ൻ, ബാബു ആന്റണി, സുധീർ കരമന, ഇടവേള ബാബു, അമിത്, തെസ്നി ഖാൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദറാണ്. നീരവ് ഷാ, ബിനോദ് പ്രദൻ എന്നിവർ ചേർന്നാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ശ്രീകാർ പ്രസാദാണ് എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത്. ഗോകുലം ഫിലിംസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്. ഓഗസ്റ്റ് 18ന് മലയാളത്തിലും, തമിഴിലും, തെലുഗിലും വമ്പൻ റീലീസോട് കൂടി ചിത്രം പ്രദർശനത്തിനെത്തും. കേരളത്തിൽ മാത്രമായി 300 ഓളം തീയറ്ററുകളിൽ ചിത്രം റിലീസിനെത്തും.