മലയാള സിനിമയിൽ സംവിധായകനായി, തിരകഥാകൃത്തായി, നിർമ്മാതാവായി, അഭിനേതാവായി നിറഞ്ഞു നിൽക്കുന്ന വ്യക്തിയാണ് മാർട്ടിൻ പ്രാക്കാട്ട്. മമ്മൂട്ടി ചിത്രമായ ബെസ്റ്റ് ആക്ടർ സംവിധാനം ചെയ്താണ് മലയാള സിനിമയിലേക്ക് അദ്ദേഹം കടന്നുവരുന്നത്. പിന്നീട് അദ്ദേഹം സംവിധാനം ചെയ്ത രണ്ട് ചിത്രങ്ങളിലും നായകൻ ദുൽഖർ സൽമാൻ ആയിരുന്നു. എ. ബി.സി.ഡി, ചാർലി എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളാണ് സിനിമ പ്രേമികൾക്ക് അദ്ദേഹം സമ്മാനിച്ചത്. ഉദാഹരണം സുജാത എന്ന ചിത്രത്തിലെ സഹ നിർമ്മാതാവ് കൂടിയായിരുന്നു അദ്ദേഹം. 5 വർഷത്തിന് ശേഷം മാർട്ടിൻ പ്രാക്കാട്ട് ഒരു സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ്.
കുഞ്ചാക്കോ ബോബൻ, ജോജു എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി വേഷമിടുന്നത്. നിമിഷ സജയനാണ് നായിക വേഷം കൈകാര്യം ചെയ്യുന്നത്. നായാട്ട് എന്നാണ് ചിത്രത്തിന് ടൈറ്റിൽ നൽകിയിരിക്കുന്നത്. ജോജുവിന്റെ സൂപ്പർഹിറ്റ് ചിത്രമായ ജോസഫിന്റെ തിരകഥാകൃത്തായ ഷാഹി കബീറാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഔഡിഷനിലൂടെ തിരഞ്ഞെടുത്ത ഒരുപാട് പുതുമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. ഷൈജു ഖാലിദാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്യുന്നത് മഹേഷ് നാരായണനാണ്. വിഷ്ണു വിജയ്യാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. സംവിധായകൻ രഞ്ജിത്, ശശികുമാർ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഗോൾഡ് കോയ്ൻ പിക്ച്ചേർസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം ഇപ്പോൾ അവസാനഘട്ട ഷൂട്ടിങ്ങിലേക്ക് കടന്നിരിക്കുകയാണ്. 15 ദിവസത്തെ ഷൂട്ടിങ് മാത്രമാണ് ഇനി ബാക്കിയുള്ളത്. കൊടൈക്കനാൽ, വട്ടവട, മൂന്നാർ, കൊട്ടക്കാംബൂർ തുടങ്ങിയ സ്ഥലങ്ങളിൽ ചിത്രീകരണം പൂർത്തിയാക്കി. അവസാനഘട്ട ഷൂട്ടിംഗ് എറണാകുളത്തും പരിസര പ്രദേശങ്ങളിലുമായിരിക്കും. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടായിരിക്കും ചിത്രീകരിക്കുക.