
പ്രശസ്ത സിനിമാ- ടെലിവിഷൻ താരം ആയ എസ് പി ശ്രീകുമാർ വിവാഹിതനായി. ടെലിവിഷൻ പരമ്പരകളിലൂടേയും സിനിമകളിലൂടെയും പ്രശസ്തയായ സ്നേഹയെ ആണ് ശ്രീകുമാർ വിവാഹം ചെയ്തത്. മറിമായം എന്ന കോമഡി പരമ്പരയിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങൾ ആയവരാണ് ഇവർ രണ്ടു പേരും. അതിലെ ലോലിതൻ, മണ്ഡോദരി എന്നീ ഇവരുടെ കഥാപാത്രങ്ങൾ വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടിയെടുത്തത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രമായ മെമ്മറീസിലെ വില്ലൻ വേഷമാണ് ശ്രീകുമാറിനെ മലയാള സിനിമയിൽ പോപ്പുലർ ആക്കിയത്. അതിനു ശേഷം ഒട്ടേറെ ചിത്രങ്ങളുടെ ഭാഗമായി ഈ നടനെ നമ്മൾ കണ്ടു.

ഒൻപതു വർഷം മുൻപ് അഭിനയ രംഗത്ത് വന്ന ശ്രീകുമാറിന്റെ ആദ്യ ചിത്രം മോഹൻലാൽ നായകനായ കാണ്ഡഹാർ ആണ്. കഴിഞ്ഞ വർഷം റിലീസ് ചെയ്ത നീലി എന്ന ചിത്രത്തിലും ശ്രദ്ധേയമായ പ്രകടനം ആണ് ഈ നടൻ കാഴ്ച വെച്ചത്. ഉപ്പും മുളകും എന്ന സീരിയലിലെ ശ്രീക്കുട്ടൻ എന്ന കഥാപാത്രവും ഈ നടന് ഏറെ കയ്യടി നേടിക്കൊടുക്കുന്നുണ്ട്. മറിമായം എന്ന സീരിയലിലെ പ്രകടനത്തിന് കേരളാ സ്റ്റേറ്റ് ടെലിവിഷൻ അവാർഡിൽ പ്രത്യേക പരാമർശവും ശ്രീകുമാർ നേടിയിട്ടുണ്ട്. കോമഡി സീരിയലുകളിലൂടെ തന്നെ പ്രശസ്തയായ സ്നേഹ ലാൽ ജോസ്- മോഹൻലാൽ ചിത്രമായ വെളിപാടിന്റെ പുസ്തകം, ധ്യാൻ ശ്രീനിവാസൻ അഭിനയിച്ച ഒരേ മുഖം തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. അരവിന്ദന്റെ അതിഥികൾ, ലോനപ്പന്റെ മാമോദീസ എന്നീ ചിത്രങ്ങളിലെ ഈ നടിയുടെ വേഷവും ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടി നായകനായ ഉട്ടോപ്യയിലെ രാജാവ് ആണ് സ്നേഹയുടെ ആദ്യ ചിത്രം.
ഫോട്ടോ കടപ്പാട്: Manu Mulanthuruthy Photography