മോഹൻലാൽ നായകനായ ബ്രഹ്മാണ്ഡ മലയാള ചിത്രം ഒടിടി റിലീസ് ആയിരിക്കും എന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ ഇന്ന് വൈകുന്നേരം നടന്ന പ്രസ് മീറ്റിൽ ഉറപ്പിച്ചു പറഞ്ഞു. തീയേറ്റർ റിലീസിനുള്ള എല്ലാ സാധ്യതകളും നോക്കി എന്നും ഒരു തരത്തിലുള്ള സഹകരണത്തിനും തീയേറ്റർ സംഘടനാ തയ്യാറാവാത്തത് കൊണ്ടാണ് ഈ ഒരു തീരുമാനം എടുക്കേണ്ടി വന്നതെന്നും അദ്ദേഹം അറിയിച്ചു. മാത്രമല്ല ഈ തീരുമാനം മോഹൻലാൽ, സംവിധായകൻ പ്രിയദർശൻ എന്നിവരുടെ സമ്മതത്തോടെ ആണെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു. തീയേറ്റർ സംഘടനകൾ വളരെ മോശമായ രീതിയിൽ ആണ് പെരുമാറിയത് എന്നും തിയേറ്റർ റിലീസ് ചെയ്യാൻ പരമാവധി ശ്രമിച്ചിട്ടും ഒരു തരത്തിലുമുള്ള വിട്ടു വീഴ്ചകൾക്കും അവർ തയ്യാറാവാതിരുന്നതോടെ പിടിച്ചു നില്ക്കാൻ വേണ്ടിയാണു ഒടിടി റിലീസ് തീരുമാനിച്ചത് എന്നും ആന്റണി പറഞ്ഞു. ഇനിയും വലിയ ചിത്രങ്ങളുമായി ആശിർവാദ് ഇവിടെ തന്നെ ഉണ്ടാകുമെന്നും ആന്റണി പെരുമ്പാവൂർ അറിയിച്ചിട്ടുണ്ട്.
താൻ നാൽപ്പതു കോടി രൂപ അഡ്വാൻസ് ചോദിച്ചു, അതിനു മിനിമം ഗ്യാരന്റി ചോദിച്ചു എന്ന വാർത്തകൾ എല്ലാം തെറ്റാണെന്നും തനിക്കു ലഭിച്ചത് അഞ്ചു കോടിയിൽ താഴെ ആണെന്നും അദ്ദേഹം പറഞ്ഞു. തീയേറ്റർ സംഘടനയിലെ അംഗങ്ങൾ അല്ല, നേതൃത്വം ആണ് തന്നോട് മോശമായി പെരുമാറിയത് എന്നും ഈ നിമിഷം വരെ ഈ ചിത്രത്തിന്റെ ചർച്ചയുമായി ബന്ധപെട്ടു ഒരാൾ പോലും തന്നെ വിളിക്കുകയും സംസാരിക്കുകയോ സിനിമയുടെ റിലീസിനെ കുറിച്ച് ചോദിക്കുകയോ ചെയ്തിട്ടില്ല എന്നും ആന്റണി പെരുമ്പാവൂർ പറയുന്നു. ഇനി ഈ നേതൃത്വം മാറുന്നത് വരെ ഫിയോക്കുമായി സഹകരിക്കില്ല എന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഇന്ന് നടക്കാനിരുന്ന ചർച്ചയിൽ താൻ ഉണ്ടാകില്ല. പക്ഷെ ആ ചർച്ചയിൽ ഏതു തീരുമാനം എടുത്താലും അത് സമ്മതിക്കാൻ തയ്യാറാണ് എന്നാണ് താൻ മന്ത്രി സജി ചെറിയാനെ അറിയിച്ചത് എന്നും, പക്ഷെ തീയേറ്റർ സംഘടനയാണ് താല്പര്യമില്ലാത്ത പോലെ പെരുമാറിയത് എന്നും ആന്റണി വെളിപ്പെടുത്തി. ചർച്ച മാറ്റി വെച്ചതും അതുകൊണ്ടാണെന്നു അദ്ദേഹം പറഞ്ഞു.