![](https://i0.wp.com/onlookersmedia.com/wp-content/uploads/2020/09/marakkar-will-make-mollywood-proud-infront-of-world-cinema-says-priyadarshan.jpg?fit=1500%2C780&ssl=1)
ഇന്ത്യൻ സിനിമയുടെ കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി മാസ്റ്റർ ഡയറക്ടർ പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. ഈ കഴിഞ്ഞ മാർച്ച് മാസത്തിൽ ലോകം മുഴുവൻ റീലീസ് ചെയ്യാൻ തീരുമാനിച്ചിരുന്ന മരക്കാർ, ഇനി കോവിഡ് പ്രതിസന്ധികൾ തീരുന്നതിനു ശേഷം അടുത്ത വർഷം മാത്രമേ റിലീസ് ചെയ്യൂ എന്ന് സംവിധായകൻ പ്രിയദർശനും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും അറിയിച്ചു. നൂറു കോടി രൂപ ബഡ്ജറ്റിൽ ഒരുക്കിയ ഈ ബ്രഹ്മാണ്ഡ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമാണ്. അറുപതു രാജ്യങ്ങളിൽ അഞ്ചു ഭാഷയിൽ ഒരേ സമയം റിലീസ് ചെയ്യാൻ പോകുന്ന ചിത്രം കൂടിയാണ് മരക്കാർ. നൂതന സാങ്കേതിക വിദ്യകൾക്കു പ്രാധാന്യം നൽകി നൂറിലധികം ദിവസങ്ങൾ കൊണ്ട് ചിത്രീകരിച്ച ഈ സിനിമയുടെ പോസ്റ്റ്- പ്രൊഡക്ഷൻ ജോലികൾ പൂർത്തീകരിക്കാൻ ഏകദേശം ഒരു വർഷം സമയമാണ് എടുത്തത്. അതുകൊണ്ട് തന്നെ ഇന്ത്യൻ സിനിമയിലെ ഏറ്റവും സാങ്കേതിക തികവുള്ള ചിത്രങ്ങളിൽ ഒന്നായിരിക്കും മരക്കാർ എന്ന് പ്രിയദർശൻ പറയുന്നു.
മാത്രമല്ല, ചരിത്രവും യുക്തിയും ഭാവനയുമെല്ലാം ഇടകലർത്തിയൊരുക്കിയ ഈ ചിത്രം ലോക സിനിമയ്ക്കു മുന്നിൽ മലയാളത്തിന് തലയുയർത്തി നില്ക്കാൻ വക നൽകുന്ന ഒരു ചിത്രം കൂടിയായി മാറുമെന്നും ഇന്ന് തനിക്കു അഭിമാനത്തോടെ പറയാനാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. സാബു സിറിൽ കലാസംവിധാനം നിർവഹിച്ച ഈ ചിത്രത്തിന് വേണ്ടി പശ്ചാത്തല സംഗീതമൊരുക്കിയത് രാഹുൽ രാജ് ആണ്. മോഹൻലാലിനൊപ്പം ഇന്ത്യൻ സിനിമയിലെ പല ഭാഷകളിൽ നിന്നുള്ള ഒട്ടേറെ അഭിനേതാക്കൾ ഈ ചിത്രത്തിന്റെ താരനിരയുടെ ഭാഗമാണ്. അഞ്ചു ഭാഷകളിൽ റിലീസ് ചെയ്ത ഇതിന്റെ ട്രൈലെർ വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടിയെടുത്തത്.