എം ടി സർ പഴയ ചന്തുവിനെ പുതിയ ചന്തു ആക്കിയത് പോലെ എന്റെ കുഞ്ഞാലി എന്റെ ഭാവനയിലാണ് ഞാൻ ചെയ്തിട്ടുള്ളത്: പ്രിയദർശൻ

Advertisement

തൊണ്ണൂറിലധികം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും പരിചയസമ്പന്നനായ സംവിധായകനാണ് മലയാളികളുടെ അഭിമാനമായ മാസ്റ്റർ ഡയറക്ടർ പ്രിയദർശൻ. മലയാളത്തിൽ തുടങ്ങി, തമിഴും, തെലുങ്കും, കന്നഡയും, ഹിന്ദിയുമെല്ലാം സംവിധാനം ചെയ്തു വിജയം നേടിയ പ്രിയദർശൻ തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രവുമായി എത്തുകയാണ് ഈ വർഷം. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവുമധികം ഹിറ്റുകൾ സമ്മാനിച്ച ഒരു നായക- സംവിധായക ജോഡിയാണ്‌ മോഹൻലാൽ- പ്രിയദർശൻ ടീം. മോഹൻലാലിനൊപ്പം വീണ്ടുമൊന്നിച്ചു കൊണ്ട് പ്രിയദർശനൊരുക്കിയ മരക്കാർ അറബിക്കടലിന്റെ സിംഹമെന്ന ചിത്രം പ്രിയദർശന്റേറെയും മോഹൻലാലിന്റേയും കരിയറിലെ മാത്രമല്ല മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രമാണ്.

ഈ ചിത്രത്തെ കുറിച്ച് രണ്ടു ദിവസം മുൻപ് സമാപിച്ച മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവത്തിൽ പ്രിയദർശൻ മനസ്സ് തുറന്നു. എം ടി സർ ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിൽ പഴയ ചന്തുവിനെ പുതിയ ചന്തുവാക്കിയത് പോലെ തന്റെ കുഞ്ഞാലി തന്റെ ഭാവനയിലാണ് താൻ ചെയ്തിട്ടുള്ളത് എന്നാണ് പ്രിയദർശൻ പറയുന്നത്. മൂന്നാം ക്ലാസ്സിലെ പാഠ പുസ്തകത്തിൽ താൻ പഠിച്ച കുഞ്ഞാലി മരക്കാർ എന്ന ഹീറോയെ മനസ്സിലിട്ടു വളർത്തിയതാണ് തന്റെ ഈ ചിത്രമെന്നും ഇതിന്റെ ആദ്യ ചിന്ത പകർന്നു തന്നത് അന്തരിച്ചു പോയ ദാമോദരൻ മാസ്റ്ററാണെന്നും പ്രിയദർശൻ പറയുന്നു. സാങ്കതികമായി ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച ചിത്രമായിരിക്കും മരക്കാർ എന്നും ബാക്കിയൊക്കെ പ്രേക്ഷകരുടെ കയ്യിലാണെന്നും പ്രിയൻ പറഞ്ഞു. ഈ വർഷം മാർച്ച് 26 നു ആഗോള തലത്തിൽ അൻപതിലധികം രാജ്യങ്ങളിലായി മരക്കാർ റിലീസ് ചെയ്യും.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close