ഇന്നലെ വൈകുന്നേരം അഞ്ചു മണിക്കാണ് മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ ട്രൈലെർ റിലീസ് ചെയ്തത്. മോഹൻലാൽ നായകനായ ഈ ചിത്രത്തിന് ലഭിച്ചത് ഒരു മലയാള സിനിമക്കും ഇതിനു മുൻപ് ലഭിച്ചിട്ടില്ലാത്ത ട്രൈലെർ ലോഞ്ചായിരുന്നു. അഞ്ചു ഭാഷകളിൽ ഒരേ സമയം പുറത്തു വന്ന ഈ ട്രൈലെർ ആഘോഷമാക്കിയത് ഇന്ത്യൻ സിനിമാ ലോകത്തെ മിന്നും താരങ്ങൾ. മോഹൻലാലിനൊപ്പം ബോളിവുഡ് താരം അക്ഷയ് കുമാർ, തമിഴിൽ നിന്ന് സൂര്യ, തെലുങ്കിൽ നിന്ന് റാം ചരൺ, ചിരഞ്ജീവി, മഹേഷ് ബാബു, കന്നഡയിൽ നിന്ന് യാഷ്, രക്ഷിത് ഷെട്ടി തുടങ്ങിയവർ ഈ ട്രൈലെർ ഷെയർ ചെയ്തു. മലയാളത്തിലെ പ്രശസ്ത താരങ്ങളായ പൃഥ്വിരാജ് സുകുമാരൻ, ജയസൂര്യ, ടോവിനോ തോമസ് തുടങ്ങിയവരും ഈ ട്രൈലെർ പുറത്തു വിട്ടു. ഇപ്പോഴിതാ അഞ്ചു ഭാഷയിലും കൂടി ഇരുപത്തിനാലു മണിക്കൂർ പോലും തികയുന്നതിനു മുൻപ് മരക്കാർ ട്രൈലെർ കണ്ടത് അമ്പതു ലക്ഷത്തിലധികം കാഴ്ചക്കാരാണ്.
ഈ ചിത്രത്തിന്റെ മലയാളം ട്രൈലെർ ഇതിനോടകം കണ്ടത് 21 ലക്ഷത്തോളമാളുകളാണെങ്കിൽ ഇതിന്റെ തെലുങ്കു ട്രൈലെർ ഇതിനോടകം കണ്ടത് 12 ലക്ഷത്തോളം കാഴ്ചക്കാരാണ്. മരക്കാരിന്റെ തമിഴ് ട്രൈലെർ 10 ലക്ഷം കാഴ്ചക്കാർ എന്ന നേട്ടത്തിലേക്ക് കുതിക്കുമ്പോൾ ഇതിന്റെ ഹിന്ദി ട്രെയിലറിന് 5 ലക്ഷത്തിലധികവും കന്നഡ ട്രെയിലറിന് 3 ലക്ഷത്തിലധികവും കാഴ്ചക്കാരെയാണ് ലഭിച്ചത്. മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായാണ് ഒരു സിനിമയുടെ ട്രെയിലറിന് റിലീസ് ചെയ്തു 24 മണിക്കൂർ പോലും കഴിയും മുൻപേ ഇത്രയധികം കാഴ്ചക്കാരെ ലഭിക്കുന്നത്. മലയാളം ഭാഷ ട്രൈലെർ മാത്രം നോക്കിയാൽ ഇപ്പോഴും മുന്നിൽ മോഹൻലാൽ തന്നെ നായകനായ ലൂസിഫറിന്റെ ട്രെയ്‌ലറാണ്. 24 മണിക്കൂറിൽ 32 ലക്ഷം കാഴ്ചക്കാർ ആ ട്രെയിലറിന് ലഭിച്ചിരുന്നു. റിലീസ് ചെയ്തു ആദ്യ മണിക്കൂറുകൾ കഴിഞ്ഞപ്പോൾ മുതൽ ഈ നിമിഷം വരെയും മരക്കാർ ട്രൈലെർ യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതുമാണ്.