കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ഒരിക്കൽ കൂടി തന്റെ ചിത്രം കൊണ്ട് മലയാള സിനിമയെ ഇന്ത്യൻ സിനിമയുടെയും ലോക സിനിമയുടെയും നെറുകയിലേക്ക് കൈപിടിച്ച് നടത്തുന്ന കാഴ്ചയാണ് നമ്മുക്ക് കാണാൻ സാധിക്കുന്നത്. ദൃശ്യം, പുലി മുരുകൻ, ലൂസിഫർ എന്ന മോഹൻലാൽ ചിത്രങ്ങളാണ് കേരളത്തിന് പുറത്തും ഉത്തരേന്ത്യയിലും അതുപോലെ തന്നെ ഓവർസീസ് മാർക്കറ്റിലും മലയാള സിനിമയ്ക്കു വലിയ വിപണി സാദ്ധ്യതകൾ തുറന്നു കൊടുത്തത്. ലൂസിഫർ എന്ന മോഹൻലാൽ ചിത്രം വിദേശത്തു നിന്ന് മാത്രം അമ്പതു കോടി രൂപ കളക്ഷൻ നേടി ചരിത്രം സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ മോഹൻലാലിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ മരക്കാർ ആ വിപണിയെ മറ്റൊരു തലത്തിലേക്കാണ് എത്തിക്കുന്നത്. ഈ വരുന്ന ഡിസംബർ രണ്ടിന് റിലീസ് ചെയ്യാൻ പോകുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം ലോകം മുഴുവനുമായി 3300 ഇൽ കൂടുതൽ സ്‌ക്രീനുകളിൽ ആണ് റിലീസ് ചെയ്യാൻ പോകുന്നത്. ഇത് മലയാള സിനിമയിലെ ഏറ്റവും വലിയ റിലീസ് ആണെന്ന് മാത്രമല്ല, തെന്നിന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നാണ്.
കേരളത്തിൽ അറുനൂറോളം സ്‌ക്രീനുകളിൽ എത്തുന്ന ഈ ചിത്രം, കേരളത്തിന് പുറത്തു ഇന്ത്യയിൽ എത്തുന്നത് 1200 ഇൽ കൂടുതൽ സ്‌ക്രീനുകളിൽ ആണ്. തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി ഭാഷകളിൽ ആണ് ഈ ചിത്രം മലയാളത്തിന് പുറമെ എത്തുന്നത്. വിദേശത്തു ഇംഗ്ലീഷ് ഭാഷയിലും ഈ ചിത്രം റിലീസ് ചെയ്യും. ഇന്ത്യക്കു പുറത്തു ഇതിനോടകം 1500 ഓളം സ്‌ക്രീനുകളിൽ ചാർട്ട് ചെയ്ത ഈ ചിത്രത്തിന്റെ ഫൈനൽ ചാർട്ടിങ് 1800 കടക്കാനും സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നവംബർ മുപ്പതു വരെ ചിത്രത്തിന്റെ ചാർട്ടിങ് നടക്കും എന്നതാണ് കാരണം. റിലീസ് ഡേ തന്നെ ഏകദേശം അമ്പതു കോടിയുടെ ബിസിനസ്സ് ഈ ചിത്രം നടത്തുമെന്നാണ് ഇപ്പോൾ വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. 12700 ഇൽ കൂടുതൽ ഷോകൾ ആണ് ആദ്യ ദിനം മരക്കാർ കളിക്കുക. പ്രിയദർശൻ ഒരുക്കിയ ഈ ബ്രഹ്മാണ്ഡ ചിത്രം നിർമ്മിച്ചത് ആന്റണി പെരുമ്പാവൂർ ആണ്.