മോഹൻലാൽ- പ്രിയദർശൻ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രമായ മരക്കാർ; അറബിക്കടലിന്റെ സിംഹം മലയാള സിനിമയുടെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമായാണ് ഒരുങ്ങുന്നത്. ഇപ്പോൾ പോസ്റ്റ്-പ്രൊഡക്ഷൻ സ്റ്റേജിൽ ഉള്ള ഈ ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ആയി അടുത്ത വർഷം മാർച്ചിൽ ആണ് റിലീസ് ചെയ്യാൻ പോകുന്നത്. എന്നാൽ ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ ചിത്രം ചൈനീസ് ഭാഷയിലും ഡബ്ബ് ചെയ്തു റിലീസ് ചെയ്യും. ചൈനീസ് ഭാഷയിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രമാകും മരക്കാർ എന്ന് ഉറപ്പായി കഴിഞ്ഞു. ഇതുവരെ ചൈനീസ് സബ് ടൈറ്റിൽസ് ഉപയോഗിച്ചാണ് അവിടെ ഇന്ത്യൻ സിനിമകൾ കൂടുതലും റിലീസ് ചെയ്തു കൊണ്ടിരുന്നത്. എന്നാൽ മുഴുവനായി ചൈനീസ് ഭാഷയിൽ ഡബ്ബ് ചെയ്ത് ഇറക്കുന്ന ഇന്ത്യൻ സിനിമകളുടെ ലിസ്റ്റിൽ എത്തുന്ന ആദ്യ മലയാള സിനിമയായി മരക്കാർ മാറും. ഇതിന്റെ കരാറുകൾ ഒപ്പു വെക്കാൻ മോഹൻലാലും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും ചൈനയിൽ എത്തിയിരുന്നു.
മരക്കാർ ചൈനയിൽ റിലീസ് ചെയ്യുന്നതിനുള്ള കരാർ ഷാൻസോങ് പ്രൊവിൻസ് ഫിലിം ബ്യുറോ മന്ത്രി ചെങ് ഷോത്തിയൻ ഒപ്പു വെച്ചു കഴിഞ്ഞു. മാത്രമല്ല ആശീർവാദ് സിനിമാസും ആയി സഹകരിച്ചു ചൈനയിൽ സിനിമകൾ റിലീസ് ചെയ്യാൻ ഉള്ള കരാർ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും ചൈനയിലെ നിർമ്മാതാക്കളും തമ്മിലും ഒപ്പു വെച്ചു. മലയാള സിനിമയ്ക്കു ലോക വിപണി തുറന്നു കൊടുത്ത മോഹൻലാൽ അത് കൂടുതൽ വലുതാക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഇപ്പോൾ ഏറ്റവും വലിയ വിദേശ മാർക്കറ്റ് ഉള്ള മലയാള നടൻ ആണ് മോഹൻലാൽ. ചൈനയിൽ നടന്ന ചലചിത്രോത്സവത്തിൽ മോഹൻലാലിനെ ആദരിക്കുകയും ചെയ്തു.