കഴിഞ്ഞ ദിവസം കൊച്ചിയിലെ ഗോകുലം പാർക്കിൽ നടന്ന ആശീർവാദത്തോടെ മോഹൻലാൽ എന്ന പരിപാടിയിൽ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ ഒരു സ്‌നീക് പീക്ക് വീഡിയോ കണ്ട ഏവരും അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ്. ചിത്രത്തിന്റെ പകുതി പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ പോലും കഴിയുന്നതിനു മുൻപാണ് ആ ദൃശ്യങ്ങൾ അവിടെ കാണിച്ചത്. എന്നിട്ടു പോലും ആ ദൃശ്യങ്ങളിലെ പ്രിയദർശൻ മാജിക് ഏവരെയും അത്ഭുതപ്പെടുത്തി കളഞ്ഞു. മരക്കാർ എന്ന ചിത്രത്തെ കുറിച്ച് പ്രിയദർശൻ പറയുന്നത് എന്നും എപ്പോഴും തനിക്കു താങ്ങായി നിന്നിട്ടുള്ള തന്റെ സ്വന്തം ലാലുവിന് താൻ കൊടുക്കുന്ന സമ്മാനമാണ് മരക്കാർ എന്നാണ്.
ഇതൊരു റിയലിസ്റ്റിക് ചിത്രമോ ചരിത്ര സിനിമയോ അല്ല എന്നും പ്രിയൻ പറയുന്നു. കേരളത്തിലെ അതിബുദ്ധിമാന്മാർക്കു വേണ്ടിയല്ല താൻ സിനിമകൾ എടുത്തിട്ടുള്ളത് എന്നും സാധാരണ പ്രേക്ഷകർക്ക് രസിക്കാനും അവർക്കു കയ്യടിക്കാനുമാണ് താൻ സിനിമകൾ ഉണ്ടാക്കിയിട്ടുള്ളത് എന്നും പ്രിയൻ പറഞ്ഞു. മരക്കാർ എന്ന ചിത്രവും അതുപോലെ പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്ന ഒരു എന്റെർറ്റൈനെർ ആക്കാൻ ആണ് ശ്രമം എന്ന് അദ്ദേഹം പറയുന്നു. ഇതുപോലെയുള്ള വമ്പൻ ചിത്രങ്ങൾ വന്നാലേ നമ്മുടെ ഇൻഡസ്ട്രി മുന്നോട്ടു വളരുകയുള്ളു എന്നും മരക്കാർ അതിനു ഒരു കാരണം ആയി തീരും എന്നുള്ള വിശ്വാസം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രേക്ഷകരെ നിരാശപ്പെടുത്തുന്ന ഒരു ചിത്രമാവില്ല എന്ന പ്രതീക്ഷയും അദ്ദേഹം പങ്കു വെച്ചു. അഞ്ചു ഭാഷകളിൽ ആയി അടുത്ത വർഷമാണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്. ഈ വലിയ സ്വപ്നം പൂർത്തിയാക്കാൻ കൂടെ നിന്ന ആന്റണി പെരുമ്പാവൂരിനും അദ്ദേഹം നന്ദി പറഞ്ഞു. എം ടി സർ ചന്തു എന്ന കഥാപാത്രത്തെ ഒന്ന് പൊളിച്ചു എഴുതിയത് പോലെ മരക്കാർ എന്ന കഥാപാത്രത്തിന് തന്റെ വേർഷൻ കൊടുത്തത് ആണ് ഈ ചിത്രം എന്നാണ് പ്രിയദർശൻ പറയുന്നത്.