ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള അവാർഡ് നേടിയ ചിത്രമാണ് മോഹൻലാൽ നായകനായ, മരക്കാർ അറബിക്കടലിന്റെ സിംഹം. പ്രിയദർശൻ ഒരുക്കിയ ഈ ചിത്രം നിർമ്മിച്ചത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. ഡിസംബർ രണ്ടിന് ലോകം മുഴുവൻ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം അഞ്ചു ഭാഷകളിൽ ആണ് എത്തുക. മൂന്നു ദേശീയ അവാർഡും മൂന്നു സംസ്ഥാന അവാർഡും നേടിയ ഈ ചിത്രം മലയാളത്തിലെ ഏറ്റവും വലിയ ചിത്രവുമാണ്. ഒരു മലയാള സിനിമയ്ക്കു ലഭിക്കുന്ന ഏറ്റവും വലിയ റിലീസ് ആണ് ഈ ചിത്രം നേടാൻ പോകുന്നത്. ചിത്രത്തെ വരവേൽക്കാൻ ആരാധകരും സിനിമാ പ്രേമികളും ഒരേ ആവേശത്തോടെ ഒരുങ്ങിക്കഴിഞ്ഞു. റെക്കോർഡ് ബുക്കിംഗ് നടക്കുന്ന ഈ ചിത്രത്തിന് ഇപ്പോൾ തന്നെ കേരളത്തിൽ അഞ്ഞൂറോളം ഫാൻസ് ഷോകൾ ഒരുക്കി റെക്കോർഡ് സൃഷ്ടിച്ചു കഴിഞ്ഞു. ആയിരം ഫാൻസ് ഷോകളാണ് ആദ്യ ദിനം കേരളത്തിൽ പ്ലാൻ ചെയ്യുന്നത് എന്നാണ് സൂചന.
ഇപ്പോഴിതാ, മറ്റൊരു വമ്പൻ വാർത്ത കൂടി എത്തുകയാണ്. 2022 ലെ ഓസ്കാർ അവാർഡിലേക്കു മത്സരിക്കാൻ ഒരുങ്ങുകയാണ് ഈ ചിത്രം. മികച്ച ചിത്രത്തിനായുള്ള ജനറൽ വിഭാഗത്തിൽ ആണ് ഈ ചിത്രം മത്സരിക്കുക എന്നാണ് സൂചന. ഇന്ത്യയുടെ ഒഫീഷ്യൽ എൻട്രി അല്ലാതെ, സ്വതന്ത്രമായി ആണ് മരക്കാർ മത്സരിക്കുക. ഓസ്കാർ അവാർഡ് കമ്മിറ്റി മുന്നോട്ടു വെക്കുന്ന മാനദണ്ഡങ്ങൾ എല്ലാം പൂർത്തീകരിച്ചാവും മരക്കാർ മത്സരത്തിന് ഇറങ്ങുക. ഇന്ഡിവുഡ് ടീം ആണ് അതിനു വേണ്ടിയുള്ള കാര്യങ്ങൾ മുന്നോട്ടു നീക്കുക. അവർ അങ്ങനെ ഒട്ടേറെ ചിത്രങ്ങൾ ഇന്ത്യയിൽ നിന്ന് ഓസ്കാർ മത്സരത്തിന് എത്തിച്ചിട്ടുണ്ട്. അങ്ങനെ മരക്കാർ എത്തുകയാണ് എങ്കിൽ മലയാള സിനിമക്കും ഇന്ത്യൻ സിനിമക്കും അത് വലിയ അഭിമാനമായി മാറും എന്ന കാര്യത്തിൽ സംശയമില്ല. ഇതിനു മുൻപ് മോഹൻലാൽ ചിത്രം ഗുരു ഇന്ത്യയുടെ ഒഫീഷ്യൽ എൻട്രി ആയി ഓസ്‌കാറിന് പോയിട്ടുണ്ട്. അതുപോലെ തന്നെ മോഹൻലാൽ ചിത്രമായ പുലിമുരുകനിലെ സംഗീതത്തിന് ഗോപി സുന്ദറും ഓസ്കാർ എൻട്രിക്കു വേണ്ടി മത്സരിച്ചിട്ടുണ്ട്.