കേരള ജനത ഇപ്പോൾ കൊറോണ വൈറസ് മൂലം ആശങ്കരാണ്. ചൈനയിൽ നിന്ന് ഉത്ഭവിച്ച ഈ വൈറസ് ഇപ്പോൾ കേരളത്തിൽ ഭീതി ഉണർത്തിയിരിക്കുകയാണ്. കൊറോണ വൈറസ് ഒരു പരിധി വരെ തടയാൻ വേണ്ടി ആൾക്കൂട്ടമുള്ള പ്രദേശങ്ങളിൽ പോകരുത് എന്ന് കർശനമായി നിർദ്ദേശം നൽകിയിരിക്കുകയാണ്. കൊറോണ ജാഗ്രതയുടെ ഭാഗമായി തീയറ്ററുകൾ അടിച്ചിടുവാൻ ഒരുങ്ങുകയാണ്. ഒരുപാട് വമ്പൻ റിലീസുകളാണ് കൊറോണ കാരണം പ്രതിസന്ധിയിൽ ആയിരിക്കുന്നത്. സിനിമ പ്രേമികൾ ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം റിലീസ് തിയതി ഇതിനോടകം മാറ്റിവെച്ചു. മാർച്ച് 26 ന് റിലീസ് ചെയ്യേണ്ട ചിത്രം കൊറോണ മൂലം മാറ്റി വെക്കുകയും പുതിയ റിലീസ് തിയതി വൈകാതെ തന്നെ അറിയിക്കുമെന്നാണ് നിർമ്മാതാക്കളുടെ സംഘടന അറിയിച്ചിരിക്കുന്നത്.
കൊച്ചിയിൽ ഇന്നലെ ചേർന്ന സിനിമ സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീയറ്ററുകൾ നാളെ മുതൽ പ്രവർത്തന രഹിതമാക്കാൻ തീരുമാനിച്ചിരിക്കുന്നത്. മാർച്ച് 31 വരെ തീയറ്ററുകൾ അടച്ചു തന്നെ കിടക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിൽ തീയറ്ററുകൾ അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് സിനിമ സംഘടനകൾ സംയുക്തമായി ഈ തീരുമാനത്തിലേക്ക് എത്തിച്ചേർന്നത്. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന സിനിമകളുടെ ഷൂട്ടിംഗ് തുടരണോ വേണ്ടയോ എന്നത് പൂർണമായും സംവിധായകനും നിർമ്മാതാവിനും വിട്ടു നിൽക്കുമെന്ന് നിർമ്മാതാക്കളുടെ സംഘടന അറിയിച്ചിട്ടുണ്ട്. മരക്കാർ കൂടാതെ മലയാളത്തിലെ മറ്റ് ചിത്രങ്ങളും അന്യ ഭാഷ ചിത്രങ്ങളും റിലീസ് നീട്ടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സൗത്ത് ഇന്ത്യൻ സിനിമ പ്രേമികൾ ഉറ്റു നോക്കുന്ന വിജയ് ചിത്രം മാസ്റ്റർ ഏപ്രിൽ 9ൽ നിന്ന് മറ്റുമെന്നാണ് സൂചന. മാര്ച്ച് 12ന് റിലീസിന് ഒരുങ്ങിയ ടോവിനോ ചിത്രമായ കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ് ഇതിനോടകം റിലീസ് മാറ്റിവെച്ചു. വിഷു റിലീസായി പുറത്തിറങ്ങേണ്ട മമ്മൂട്ടി ചിത്രം ‘വൺ’ അടക്കം റിലീസ് മറ്റുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.