ഈ വർഷത്തെ ഓസ്‌കാർ നോമിനേഷനുകൾ ഇന്നലെ വൈകുന്നേരം ഒഫീഷ്യൽ ആയി പ്രഖ്യാപിച്ചു. നോമിനേഷന്റെ ആദ്യ ലിസ്റ്റിൽ ഉൾപ്പെട്ട മലയാള ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം, തമിഴ് ചിത്രം ജയ് ഭീം എന്നിവക്ക് ഫൈനൽ ലിസ്റ്റിൽ ഇടം പിടിക്കാൻ സാധിച്ചില്ല. എന്നാൽ ഇന്ത്യൻ ഡോക്യുമെന്‍ററിയായ റൈറ്റിംഗ് വിത്ത് ഫയർ ഇക്കുറി ഓസ്കാർ നോമിനേഷൻ പട്ടികയിൽ ഇടം കണ്ടെത്തിയിട്ടുണ്ട്. മികച്ച നടൻ, നടി, ചിത്രം തുടങ്ങി 23 വിഭാഗങ്ങളിലേക്കായുള്ള നോമിനേഷനുകളാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഹോളിവുഡ് താരങ്ങളായ ലെസ്ലി ജോർദാനും ട്രേസി എല്ലിസ് റോസും ചേർന്നാണ് ഇത്തവണ നോമിനേഷൻ കിട്ടിയ ചിത്രങ്ങളുടെ ലിസ്റ്റ് പ്രഖ്യാപിച്ചത്. സ്റ്റീവൻ സ്പിൽബർഗിന്‍റെ വെസ്റ്റ് സൈഡ് സ്റ്റോറി മികച്ച സംവിധായകനുള്ള നോമിനേഷൻ പട്ടികയിൽ ഇടം നേടിയപ്പോൾ ആൻഡ്രൂ ഗാർഫീൽഡ്, വിൽ സ്മിത്ത് തുടങ്ങിയ താരങ്ങൾ മികച്ച നടനായുള്ള പട്ടികയിലും ഇടം പിടിച്ചിട്ടുണ്ട്. ജെസീക്ക ചാസ്റ്റെയ്ൻ, ഒലിവിയ കോൾമാൻ, പെനലോപ്പ് ക്രൂസ്, നിക്കോൾ കിഡ്മാൻ, ക്രിസ്റ്റൻ സ്റ്റുവർട്ട് എന്നിവർ ആണ് മികച്ച നടിക്കുള്ള നോമിനേഷനിൽ ഉൾപ്പെട്ടതു.
മോഹൻലാൽ നായകനായ പ്രിയദർശൻ ചിത്രം മരക്കാർ അറബിക്കടലിന്‍റെ സിംഹവും സൂര്യ നായകനായ തമിഴ് ചിത്രം ജയ് ഭീമും ഇന്ത്യക്കു ഏറെ പ്രതീക്ഷ ഉണ്ടായിരുന്ന രണ്ടു ചിത്രങ്ങൾ ആയിരുന്നു. ആദ്യ പട്ടികയിൽ ഇടം പിടിച്ചു പ്രതീക്ഷയുണർത്തിയ ഈ ചിത്രങ്ങൾക്ക് പക്ഷെ ഏറ്റവും അവസാനത്തെ റൗണ്ടിൽ ഇടം പിടിക്കാൻ സാധിച്ചില്ല എന്നത് നിരാശ ഉണ്ടാക്കി. ജനുവരി 21 ന് ഓസ്കാർ അവാർഡിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറത്തുവിട്ട 276 ചിത്രങ്ങളുടെ പരിഗണനപ്പട്ടികയിലായിരുന്നു ഈ ചിത്രങ്ങൾ ഇടം നേടിയത്. ബെൽഫാസ്റ്റ്, കോഡ, ഡോണ്ട് ലുക്ക് അപ്പ്, ഡ്രൈവ് മൈ കാർ, ഡ്യൂൺ, കിംഗ് റിച്ചാർഡ്, ലൈക്കോറൈസ് പിസ്സ, നൈറ്റ്മെയർ അലയ്, ദി പവർ ഓഫ് ദി ഡോഗ്, വെസ്റ്റ് സൈഡ് സ്റ്റോറി എന്നീ ചിത്രങ്ങൾ മികച്ച ചിത്രത്തിനായി ഉള്ള അവാർഡിന് മത്സരിക്കും. പോൾ തോമസ് ആൻഡേഴ്സൺ, കെന്നത്ത് ബ്രനാഗ്, ജെയ്ൻ കാമ്പ്യൻ, സ്റ്റീവൻ സ്പിൽബർഗ് എന്നിവർ മികച്ച സംവിധായകനായുള്ള അവാർഡിന് നോമിനേഷൻ നേടിയപ്പോൾ ഹാവിയർ ബാർഡെം, ബെനഡിക്ട് കംബർബാച്ച്, ആൻഡ്രൂ ഗാർഫീൽഡ്, വിൽ സ്മിത്ത്, ഡെൻസൽ വാഷിംഗ്ടൺ എന്നിവർ മികച്ച നടനായുള്ള അവാർഡിന് നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. മാർച്ച് 27നാണ് ഓസ്കാർ പുരസ്കാര പ്രഖ്യാപനം നടക്കുക.