ടോവിനോ തോമസ് നായകനായ മറഡോണ ഈ വർഷത്തെ മലയാള സിനിമയിലെ മികച്ച വിജയങ്ങളിൽ ഒന്നായി മാറിയ ചിത്രമാണ്. മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടിയ ഈ ചിത്രം, സംസ്ഥാനം കാലവർഷ കെടുതിയിൽ അകപ്പെടുന്നതിനു മുൻപ് തീയേറ്ററുകളിൽ നിറഞ്ഞ സദസ്സുകളിൽ പ്രദർശിപ്പിക്കുകയായിരുന്നു. ഇപ്പോൾ വീണ്ടും പ്രദർശനം ആരംഭിച്ച മറഡോണ പ്രേക്ഷകരുടെ പിന്തുണയോടെ കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിൽ വിജയകരമായി മുന്നേറുകയാണ്. അൻപതാം ദിവസത്തിലേക്ക് എത്തുന്ന ഈ ചിത്രം യുവാക്കളുടെയും കുടുംബ പ്രേക്ഷകരുടെയും ഇഷ്ടചിത്രങ്ങളിൽ ഒന്നായി മാറിയതാണ് ഇതിന്റെ പ്രധാന വിജയ കാരണം. നവാഗതനായ വിഷ്ണു നാരായണൻ സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് കൃഷ്ണ മൂർത്തി ആണ്.
ഒരു ഫീൽ ഗുഡ് എന്റെർറ്റൈനെർ ആയി ഒരുക്കിയ മറഡോണയിൽ തമാശയും പ്രണയവും വൈകാരിക മുഹൂർത്തങ്ങളും ആക്ഷനും ആവേശവുമെല്ലാം കൃത്യമായ അളവിൽ തന്നെ കോർത്തിണക്കിയാണ് ഒരുക്കിയിരിക്കുന്നത്. വ്യത്യസ്തമായ ഒരു കഥയും പറയുന്നുണ്ട് എന്നതാണ് ഈ ചിത്രത്തെ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിക്കാനുള്ള കാരണം. കാല എന്ന സൂപ്പർസ്റ്റാർ രജനികാന്ത് ചിത്രം കേരളത്തിൽ വിതരണം ചെയ്ത മിനി സ്റ്റുഡിയോ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. എസ് വിനോദ് കുമാർ, സുകുമാരൻ തെക്കേപ്പാട്ടു എന്നിവർ ചേർന്നാണ് മിനി സ്റ്റുഡിയോയുടെ ബാനറിൽ ഈ ചിത്രം നിർമ്മിച്ചത്. ചെമ്പൻ വിനോദ്, ടിറ്റോ വിൽസൺ, നവാഗതയായ ശരണ്യ, ലിയോണ ലിഷോയ് എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ദീപക് ഡി മേനോന്റെ കാമറ വർക്കും സുഷിൻ ശ്യാമിന്റെ സംഗീതവും രാജശേഖരൻ മാസ്റ്റർ ഒരുക്കിയ സംഘട്ടനവും ഈ ചിത്രത്തിന്റെ മാറ്റു കൂട്ടുന്നതിൽ നിർണ്ണായകമായിട്ടുണ്ട്. ഇതിലെ ഗാനങ്ങൾ എല്ലാം തന്നെ സൂപ്പർ ഹിറ്റായി മാറിയിരുന്നു.