മഴയും വെള്ളപ്പൊക്കവും മൂലം കേരളാ സംസ്ഥാനമാകെയുള്ള ജനങ്ങൾ ദുരിതം അനുഭവിക്കുന്ന ഒരു സാഹചര്യമാണ് ഇപ്പോൾ നിലവിൽ ഉള്ളത്. ജനങ്ങളെ സഹായിക്കാനായി എല്ലാവരും ഒരേ മനസ്സോടെ മുന്നിട്ടിറങ്ങുമ്പോൾ മലയാള സിനിമാ പ്രവർത്തകരും അതിനു വേണ്ടി തങ്ങളെ കൊണ്ട് കഴിയുന്ന സേവനങ്ങൾ ചെയ്യുകയാണ്. കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ, മെഗാ സ്റ്റാർ മമ്മൂട്ടി, ജയറാം തുടങ്ങിയവർ ജനങ്ങൾക്ക് സഹായമെത്തിക്കുകയും മുഖ്യമന്ത്രിയുടെ ദുരന്ത നിവാരണ ഫണ്ടിലേക്ക് വിലപ്പെട്ട സംഭാവനകൾ നൽകുകയും ചെയ്തു. നീലി എന്ന ചിത്രത്തിന്റെ നിർമ്മാതാവ് അതിന്റെ കേരളത്തിലെ തീയേറ്ററുകളിലെ ആദ്യ ദിവസത്തെ ആദ്യ ഷോകളുടെ കളക്ഷൻ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്യും എന്നും പറഞ്ഞു. ഇപ്പോൾ സഹായഹസ്തവുമായി എത്തിയിരിക്കുന്നത് മറഡോണ എന്ന ചിത്രത്തിന്റെ ടീം ആണ്.
മറഡോണ എന്ന ചിത്രത്തിന്റെ അടുത്ത ആഴ്‍ചത്തെ ഒരു ദിവസത്തെ മുഴുവൻ കലക്ഷനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ തീരുമാനിച്ചു എന്ന് നായകൻ ടോവിനോ തോമസ്, സംവിധായകൻ വിഷ്ണു നാരായണൻ, എഴുത്തുകാരൻ കൃഷ്ണ മൂർത്തി എന്നിവർ പറഞ്ഞു. ഈ ചിത്രത്തിന്റെ നിർമ്മാതാക്കളായ എസ് വിനോദ് കുമാർ, സുകുമാരൻ തെക്കേപ്പാട്ടു എന്നിവർ സന്തോഷത്തോടെ അതിനു തയ്യാറായി എന്നും , അടുത്തയാഴ്ച ഒരു ദിവസം ഈ തുക കൃഷി മന്ത്രിയായ സുനിൽ കുമാറിന് നൽകുമെന്നും മറഡോണ ടീം അറിയിച്ചു. മറഡോണ എന്ന ചിത്രത്തിന് അനിമൽ വെൽഫെയർ ബോർഡ് വഴി വേണ്ടി വന്ന ചില സഹായങ്ങൾ ചെയ്തു തന്നത് മന്ത്രി സുനിൽ കുമാർ ആയിരുന്നു എന്നും അത് കൊണ്ടാണ് അദ്ദേഹത്തിന് തുക കൈമാറുന്നത് എന്നും മറഡോണ ടീം അറിയിച്ചു. മിനി സ്റ്റുഡിയോ ആണ് മറഡോണ നിർമ്മിച്ചിരിക്കുന്നത്. ഇപ്പോൾ കേരളത്തിൽ എൺപതോളം കേന്ദ്രങ്ങളിൽ ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്.