സുപ്രീം കോടതി നിര്‍ദേശമനുസരിച്ച് കൊച്ചി മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചു മാറ്റാൻ കേരളാ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം എടുത്തിരുന്നു. വലിയ പ്രതിഷേധമാണ് ഇതിനെതിരെ അവിടുത്തെ താമസക്കാരിൽ നിന്നും ഉയർന്നത്. ഇപ്പോഴിതാ ഈ സർക്കാർ നടപടിക്ക് എതിരെ പ്രതിഷേധവുമായി എത്തിയിരിക്കുന്നത് പ്രശസ്ത നടൻ സൗബിൻ ഷാഹിർ ആണ്. സൗബിന്‍ ഉള്‍പ്പെടെയുള്ള കുറെയേറെ സിനിമാ പ്രവർത്തകർ നിര്‍മ്മാണത്തില്‍ നിയമലംഘനം ആരോപിക്കപ്പെട്ട മരടിൽ ഉള്ള ഫ്‌ളാറ്റുകളിലെ താമസക്കാരാണ്. താൻ അവിടെ ഫ്ലാറ്റ് വാങ്ങുന്നതിനു മുൻപ് അവിടെ താമസിച്ചിരുന്ന സുഹൃത്തുക്കളോടും മറ്റും അന്വേഷണം നടത്തിയിരുന്നുവെന്നും പ്രശ്‌നങ്ങളൊന്നും ശ്രദ്ധയില്‍ പെട്ടിരുന്നില്ലെന്നും സൗബിന്‍ ഷാഹിര്‍ പറയുന്നു. താമസക്കാർക്ക് ഇതുവരെ നോട്ടീസ് ഒന്നും ലഭിച്ചിട്ടില്ല എന്നാണ് പറയുന്നത്.
അത് കൊണ്ട് തന്നെ പ്രശ്നങ്ങൾ ഒന്നും ഇല്ല എന്ന് വിചാരിച്ചാണ് ലോൺ എടുത്തു അവിടെ ഫ്ലാറ്റ് വാങ്ങിയത് എന്നും ഇനിയും കുറേ കഷ്ടപ്പെട്ടാലേ ഇതിന്റെ ലോണ്‍ ഒക്കെ അടയ്ക്കാന്‍ പറ്റൂ എന്നും സൗബിൻ പറയുന്നു. പല വിവരങ്ങളും മാധ്യമങ്ങളിലൂടെ ആണ് അറിയുന്നത് എന്നും സൗബിൻ പറഞ്ഞു. നടപടി എടുക്കുമ്പോള്‍ തങ്ങളുടെ കാര്യം കൂടി നോക്കണ്ടേ എന്നും എത്രയോ അധികം കുടുംബങ്ങള്‍ ഇവിടെ താമസിക്കുന്നുണ്ട് എന്നും ഈ നടൻ ചോദിക്കുന്നു. ഈ സ്ഥലം സന്ദർശിക്കാൻ എത്തിയ ചീഫ് സെക്രെട്ടറിക്കു എതിരെ വലിയ പ്രതിഷേധം ആണ് ഫ്ളാറ്റുകളിലെ താമസക്കാർ ഉയർത്തിയത്. ഫ്ലാറ്റ് ഉടമകൾ ചീഫ് സെക്രട്ടറിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ അദ്ദേഹത്തെ ഉപരോധിക്കാൻ എത്തുകയും ചെയ്തു. ഹോളി ഫെയ്ത് അപ്പാര്‍ട്‌മെന്റുകളുടെ മുന്നില്‍ വച്ചാണ് ചീഫ് സെക്രട്ടറിക്കെതിരെ മരട് ഫ്ലാറ്റ് സമുച്ചയത്തിൽ താമസിക്കുന്നവരുടെ നേതൃത്വത്തിൽ പ്രതിഷേധം ഉണ്ടായതു.