
മലയാള സിനിമയിലെ ഓൾ റൗണ്ടർ ആണ് വിനീത് ശ്രീനിവാസൻ. ഗായകനായും, സംവിധായകൻ ആയും രചയിതാവായും നടനായും നിർമ്മാതാവായുമെല്ലാം ഈ പ്രതിഭ നമ്മുക്ക് സമ്മനിച്ചതു മികച്ച സിനിമകൾ ആണ്. വിനീത് ശ്രീനിവാസൻ എന്ന പേര് ഇന്ന് മലയാള സിനിമാ പ്രേമികൾക്ക് ഏറ്റവും കൂടുതൽ വിശ്വാസമുള്ള ഒരു ബ്രാൻഡ് ആണെന്ന് പറയാം. വിനീത് ശ്രീനിവാസൻ ഭാഗമായിട്ടുള്ള ചിത്രമാണെങ്കിൽ അതിനു ഒരു നിലവാരം ഉണ്ടാകും എന്ന പ്രേക്ഷകരുടെ ആ വിശ്വാസത്തെ വിനീത് അങ്ങനെ തകർക്കാറുമില്ല. ഇപ്പോഴിതാ ഈ വർഷം തണ്ണീർ മത്തൻ ദിനങ്ങൾ, ലവ് ആക്ഷൻ ഡ്രാമ എന്നീ ചിത്രങ്ങളിലൂടെ വിജയം നേടിയ ഈ നടൻ പുതിയ ചിത്രമായ മനോഹരത്തിലൂടെയും തന്റെ ജൈത്ര യാത്ര തുടരുകയാണ്.
അൻവർ സാദിഖ് രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം സെപ്റ്റംബർ അവസാന വാരം ആണ് തീയേറ്ററുകളിൽ എത്തിയത്. പ്രേക്ഷകരുടെ മികച്ച അഭിപ്രായം നേടിയെടുത്ത ഈ ചിത്രം ഇപ്പോഴും കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിൽ വലിയ ജനപിന്തുണയോടെ പ്രദർശനം തുടരുകയാണ്. മലയാളി മനസ്സിൽ സന്തോഷം വിതച്ചു വിജയം കൊയ്തെടുന്ന ഒരു മനോഹര ചിത്രമാണ് മനോഹരം എന്ന് നമ്മുക്ക് പറയാം . ജീവിതത്തോട് വളരെയധികം ചേർന്ന് നിൽക്കുന്ന ഈ സിനിമ പ്രേക്ഷകനെ ചിരിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും അതുപോലെ മനസ്സിൽ സൂക്ഷിച്ചു വെക്കാനുള്ള നിമിഷങ്ങൾ നൽകുകയും ചെയ്തു.
മനു എന്ന കഥാപാത്രമായി വിനീത് ശ്രീനിവാസൻ തിരശീലയിൽ ജീവിച്ചപ്പോൾ ഇന്ദ്രൻസ്, ബേസിൽ ജോസെഫ് എന്നിവരും മത്സരിച്ചഭിനയിച്ചു പ്രേക്ഷകരുടെ കയ്യടി നേടി. നായികാ വേഷം ചെയ്ത അപർണ ദാസ്, മറ്റു പ്രധാന വേഷങ്ങൾ ചെയ്ത ദീപക്, അഹമ്മദ് സിദ്ദിഖി, ഡൽഹി ഗണേഷ്, ശ്രീലക്ഷ്മി, ഹരീഷ് പേരാടി എന്നിവരും തങ്ങളുടെ മികച്ച പ്രകടനം നൽകി ഈ ചിത്രത്തെ കൂടുതൽ മനോഹരമാക്കിയിട്ടുണ്ട്. പാലക്കാടിന്റെ പശ്ചാത്തലത്തിൽ ആണ് ഈ ചിത്രം സംവിധായകൻ അൻവർ സാദിഖ് അവതരിപ്പിച്ചിരിക്കുന്നത്. ജോസ് ചക്കാലക്കൽ, സുനിൽ എ കെ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം ഈ വർഷത്തെ വിജയ ചിത്രങ്ങളുടെ പട്ടികയിൽ സ്ഥാനം പിടിച്ചു മുന്നേറുകയാണ്.