സീൻ മാറ്റുന്ന മഞ്ഞുമ്മൽ ബോയ്സ്; തമിഴ്നാട് ഭരിച്ച് ഒരു മലയാള സിനിമ

Advertisement

റിലീസിന് മുൻപ് സുഷിൻ ശ്യാം പറഞ്ഞ വാക്കുകൾ സത്യമാകുന്ന കാഴ്ചയാണ് ഇപ്പോൾ മഞ്ഞുമ്മൽ ബോയ്സ് സമ്മാനിക്കുന്നത്. ഈ ചിത്രം ചിലപ്പോൾ മലയാള സിനിമയുടെ സീൻ മാറ്റിയേക്കാമെന്ന് സുഷിൻ പറയുമ്പോൾ അത് വിശ്വസിച്ചവർ ചുരുക്കം. എന്നാലിപ്പോൾ മലയാള സിനിമയുടെ ചരിത്രത്തിലിടം പിടിക്കുകയാണ് മഞ്ഞുമ്മൽ ബോയ്സ് എന്ന ഈ ചിദംബരം ചിത്രം. തമിഴ് ചിത്രങ്ങൾ കേരളത്തിൽ വന്ന് കോടികൾ കൊയ്യുന്ന കാഴ്ചകൾ നമ്മൾ ഏറെ കണ്ടിട്ടുണ്ട്. എന്നാലിപ്പോഴിതാ ഒരു മലയാള സിനിമ തമിഴ്നാട് ബോക്സ് ഓഫീസിൽ ഒന്നാമതെത്തിയ കാഴ്ചയാണ് മഞ്ഞുമ്മൽ ബോയ്സ് കാണിച്ചു തരുന്നത്. തമിഴ്നാട് നിന്ന് ഏറ്റവും കൂടുതൽ ഗ്രോസ് നേടിയ മലയാള ചിത്രമെന്ന ബഹുമതി വെറും ഒരാഴ്ച കൊണ്ട് സ്വന്തമാക്കിയ മഞ്ഞുമ്മൽ ബോയ്സ് ഇതിനോടകം അവിടെ നിന്ന് 5 കോടിയിലധികം ഗ്രോസ് നേടിക്കഴിഞ്ഞു.

തമിഴ്‌നാട്ടിൽ മാത്രം ദിവസം 800 ലധികം ഷോസ് കളിക്കുന്ന മഞ്ഞുമ്മൽ ബോയ്സ് കൂടുതൽ സ്‌ക്രീനുകളിലേക്കും കൂട്ടിച്ചേർക്കുകയാണ്. ആദ്യ വീക്കെൻഡ് കഴിഞ്ഞപ്പോൾ തന്നെ നൂറിലധികം സ്‌ക്രീനുകളാണ് തമിഴ്നാട് ഈ ചിത്രത്തിനായി കൂട്ടിച്ചേർത്തത്. തമിഴ്‌നാട്ടിലെ വമ്പൻ തീയേറ്ററുകൾ മുതൽ, ബി ക്ലാസ് തീയേറ്ററുകളിൽ വരെ മഞ്ഞുമ്മൽ ബോയ്സ് നിറഞ്ഞ സദസ്സിലാണ് പ്രദർശിപ്പിക്കുന്നത്. തമിഴ്നാട് നിന്ന് ആദ്യമായി 5 കോടി ഗ്രോസ് നേടിയ മലയാള ചിത്രമായി മഞ്ഞുമ്മൽ ബോയ്സ് അവിടെ നിന്ന് ഫൈനൽ റണ്ണിൽ 20 മുതൽ 25 കോടി വരെ നേടാമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പ്രവചിക്കുന്നത്. ഇതിനോടകം 65 കോടിയോളം ആഗോള ഗ്രോസ് നേടിയ ഈ ചിത്രം ഈ വീക്കെൻഡ് കഴിയുന്നതോടെ 75 കോടിയും പിന്നിടും. പുലി മുരുകൻ, ലൂസിഫർ, 2018 എന്നീ ചിത്രങ്ങൾക്ക് ശേഷം 100 കോടി ആഗോള ഗ്രോസ് നേടുന്ന മലയാള ചിത്രമായി മഞ്ഞുമ്മൽ ബോയ്സ് മാറുമെന്നും ഏകദേശം ഉറപ്പായിക്കഴിഞ്ഞു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close