ചരിത്ര നേട്ടത്തിലേക്ക് മഞ്ഞുമ്മൽ ബോയ്സ്; 100 കോടി ക്ലബിലെ നാലാമത്തെ മലയാള ചിത്രം

Advertisement

മലയാള സിനിമയുടെ സീൻ മാറ്റി കൊണ്ട് മഞ്ഞുമ്മൽ ബോയ്സ് നൂറ് കോടി ക്ലബിൽ. ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ മാത്രം മലയാള ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. 2016 ഇൽ ഈ നേട്ടം കൈവരിച്ച മോഹൻലാൽ ചിത്രം പുലി മുരുകൻ, 2019 ഇൽ അതാവർത്തിച്ച മോഹൻലാൽ ചിത്രം ലൂസിഫർ, 2023 ഇൽ ഇൻഡസ്ട്രി ഹിറ്റായി മാറിക്കൊണ്ട് നൂറ് കോടിയിൽ തൊട്ട 2018 എന്ന മൾട്ടിസ്റ്റാർ ചിത്രം എന്നിവയാണ് ഇതിന് മുൻപ് ആഗോള ബോക്സ് ഓഫീസിൽ നിന്ന് നൂറ് കോടി ഗ്രോസ് നേടിയ മലയാള ചിത്രങ്ങൾ. റിലീസ് ചെയ്ത് 12 ദിനങ്ങൾ പിന്നിടുമ്പോൾ ഏകദേശം 105 കോടിയോളമാണ് മഞ്ഞുമ്മൽ ബോയ്സ് നേടിയ ആഗോള ഗ്രോസ്. 12 ദിനം കൊണ്ട് നൂറ് കോടി ഗ്രോസ് നേടിയ ലൂസിഫറിന്റെ റെക്കോർഡിനൊപ്പമാണ് മഞ്ഞുമ്മൽ ബോയ്സ് എത്തിയത്. 11 ദിവസം കൊണ്ട് നൂറ് കോടി ഗ്രോസ് നേടിയ 2018 എന്ന ചിത്രമാണ് ഈ ലിസ്റ്റിൽ ഒന്നാം സ്ഥാനത്.

175 കോടി നേടിയ 2018 , 143 കോടി നേടിയ പുലി മുരുകൻ, 128 കോടി നേടിയ ലൂസിഫർ എന്നിവയാണ് ഈ ലിസ്റ്റിൽ ടോപ് 3 ഹിറ്റുകൾ. ഇവയെ മറികടക്കാൻ മഞ്ഞുമ്മൽ ബോയ്സിന് സാധിക്കുമോ എന്നതാണ് ഇനിയുള്ള ചോദ്യം. കേരളത്തിൽ നിന്ന് ഇതിനോടകം 37 കോടിയോളം നേടിയ ഈ ചിത്രം വിദേശത്തു നിന്നും നേടിയത് 43 കോടിയോളമാണ്. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് 25 കോടി രൂപ ഗ്രോസിലേക്കാണ് മഞ്ഞുമ്മൽ ബോയ്സ് കുതിക്കുന്നത്. ചിദംബരമാണ് ഈ ചിത്രത്തിന്റെ സംവിധായകൻ. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു, ചന്തു സലീംകുമാർ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്, ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close