പ്രൊഫസ്സർ ഡിങ്കൻ തീയേറ്റർ റിലീസ് ഉറപ്പ്; കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി ദിലീപ്

Advertisement

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ തങ്കമണി മാർച്ച് ഏഴിന് ആഗോള റിലീസായി എത്തുകയാണ്. അതിന്റെ പ്രചാരണ പരിപാടികളുമായി തിരക്കിലാണ് താരമിപ്പോൾ. അതിന്റെ ഭാഗമായി ഓൺലുക്കേഴ്സ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ തന്റെ ത്രീഡി ചിത്രമായ പ്രൊഫസർ ഡിങ്കനെ കുറിച്ച് ദിലീപ് പുറത്ത് വിട്ട അപ്‌ഡേറ്റ് ശ്രദ്ധ നേടുകയാണ്. ഏറെക്കാലമായി മുടങ്ങി കിടക്കുന്ന ഈ ചിത്രത്തിന്റെ ബാക്കി ഭാഗത്തിന്റെ ഷൂട്ടിംഗ് വൈകാതെ നടക്കുമെന്നും ചിത്രം തീയേറ്റർ റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുമെന്നുമാണ് ദിലീപ് ഉറപ്പ് നൽകുന്നത്. വമ്പൻ ബഡ്ജറ്റിൽ ത്രീഡി ചിത്രമായി ഒരുക്കുന്ന പ്രൊഫസർ ഡിങ്കൻ ആദ്യം സംവിധാനം ചെയ്ത് തുടങ്ങിയത് പ്രശസ്ത ക്യാമറാമാൻ ആയിരുന്ന രാമചന്ദ്ര ബാബു ആയിരുന്നു. അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു പ്രൊഫസർ ഡിങ്കൻ.

എന്നാൽ അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ വിയോഗത്തോടെ അതിന്റെ ചിത്രീകരണം നിലച്ചു. ഏതായാലും അടുത്ത വർഷം ചിത്രം പൂർത്തിയാക്കി തീയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷയെന്നു ദിലീപ് പറയുന്നു. നമിത പ്രമോദ് നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് റാഫിയാണ്. ഗോപി സുന്ദർ സംഗീതം പകരുന്ന പ്രൊഫസർ ഡിങ്കൻ കേരളത്തിലും തായ്‌ലാൻഡിലുമായാണ് ഇതുവരെ ചിത്രീകരിച്ചത്. വമ്പൻ സംഘട്ടന രംഗങ്ങളും കോടികൾ ചിലവഴിച്ചൊരുക്കിയ ഗാന രംഗങ്ങളും ഈ ചിത്രത്തിന്റെ ഹൈലൈറ്റായി മാറുമെന്നാണ് സൂചന. ദിലീപിന്റെ അടുത്ത റിലീസായ തങ്കമണി സംവിധാനം ചെയ്തത് രതീഷ് രഘുനന്ദനാണ്. ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയൊരുക്കിയ ഈ പീരീഡ് ചിത്രത്തിൽ ദിലീപിനൊപ്പം വലിയ താരനിരയാണ് അണിനിരക്കുന്നത്. ഇത് കൂടാതെ ഏപ്രിൽ മാസത്തിൽ ദിലീപ്- വിനീത് കുമാർ ചിത്രമായ പവി കെയർ ടേക്കറും റിലീസ് ചെയ്യുന്നുണ്ട്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close