മലയാള സിനിമാ മേഖലയിൽ ഉള്ള വനിതകളുടെ കൂട്ടായ്മ ആയി രൂപപ്പെട്ട സംഘടനയാണ് ഡബ്ള്യു സി സി. വുമൺ ഇൻ സിനിമ കളക്ടീവ് എന്ന ഈ സംഘടന ആരംഭിച്ചപ്പോൾ അതിന്റെ മുൻനിരയിൽ ഉണ്ടായിരുന്ന ഒരാളായിരുന്നു മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ ആയ മഞ്ജു വാര്യർ. എന്നാൽ അതിനു ശേഷം ഈ സംഘടനയുടെ കാര്യങ്ങളിൽ സജീവമായി മഞ്ജു വാര്യരെ കണ്ടിട്ടില്ല. റിമ കല്ലിങ്കൽ, പാർവതി, പദ്മപ്രിയ, രമ്യ നമ്പീശൻ, രേവതി, ദീദി ദാമോദരൻ തുടങ്ങിയവരെ ആണ് പിന്നീട് ഇതിന്റെ മുൻപന്തിയിൽ പ്രേക്ഷകരും മാധ്യമങ്ങളും കണ്ടത്. ഇപ്പോഴിതാ എന്ത് കൊണ്ടാണ് ഡബ്ള്യു സി സിയിൽ ഇപ്പോൾ സജീവമല്ലാത്തത് എന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് മഞ്ജു വാര്യർ.
നല്ല സിനിമകളുടെ ഭാഗമാവുക എന്നത് മാത്രമാണ് താന്‍ സിനിമയില്‍ നില്‍ക്കുന്നതിന്റെ കാരണം എന്നും സംഘടനയുടെ രൂപീകരണ ഘട്ടത്തിൽ ഉണ്ടായിരുന്നു എങ്കിലും പിന്നീട് സമയ കുറവ് മൂലം പ്രവർത്തനങ്ങളിൽ സജീവമാകാൻ കഴിഞ്ഞില്ല എന്നും മഞ്ജു പറയുന്നു. ഏഷ്യാനെറ്റ് ന്യൂസിന് വേണ്ടി ജിമ്മി ജെയിംസ് നടത്തിയ അഭിമുഖത്തിൽ ആണ് മഞ്ജു ഈ കാരണം വെളിപ്പെടുത്തിയത്. അമ്മയുടെ ഭരണ ഘടന തിരുത്തൽ ആവശ്യപ്പെട്ടു കൊണ്ട് ഡബ്ള്യു സി സി നടത്തിയ പത്ര സമ്മേളനത്തിലും മറ്റുമുള്ള മഞ്ജുവിന്റെ അസാന്നിധ്യത്തെ കുറിച്ച് ചോദിച്ചപ്പോഴും മഞ്ജു തന്റെ നിലപട് വ്യക്തമാക്കി.
തനിക്കു എല്ലാ കാര്യങ്ങളിലും സ്വതന്ത്രമായ, വ്യക്തമായ നിലപാടുകളും അഭിപ്രായങ്ങളുമുണ്ട് എന്നും ആവശ്യമുള്ള ഘട്ടങ്ങളിലേ താൻ അഭിപ്രായങ്ങള്‍ പറയാറുള്ളൂ എന്നും മഞ്ജു വിശദീകരിച്ചു. പറയേണ്ട അഭിപ്രായങ്ങളും നിലപാടുകളും പറയേണ്ടിടത്തു കൃത്യമായി പറഞ്ഞിട്ടുമുണ്ട് എന്നും മഞ്ജു കൂട്ടിച്ചേർത്തു. പലതരം ആളുകളുടെ കൂട്ടായ്മ ആണ് സംഘടന എന്നത് കൊണ്ട് തന്നെ അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാകും എന്നും മഞ്ജു പറഞ്ഞു. ഇപ്പോൾ കൈ നിറയെ ചിത്രങ്ങളും ആയി തിരക്കിൽ ആണ് മഞ്ജു വാര്യർ.