ഈ വർഷം കോവിഡ് 19 ഭീഷണി മൂലം നമ്മുടെ നാട്ടിലെ സ്‌കൂളുകൾ തുറക്കാൻ വൈകിയതോടെ ഓൺലൈൻ വഴി കുട്ടികൾക്ക് പാഠങ്ങൾ പകർന്നു നല്കാൻ സർക്കാർ തീരുമാനിക്കുന്നു. അങ്ങനെ ജൂൺ ഒന്ന് മുതൽ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുകയും ചെയ്തു. സ്മാർട്ഫോൺ ഉള്ളവർക്ക് ഇന്റർനെറ്റ് വഴിയും കേബിൾ ഉള്ളവർക്ക് വിക്‌ടേഴ്‌സ് ചാനൽ വഴിയും ഈ ക്ലാസുകൾ കാണാൻ സാധിക്കും. എന്നാൽ വീട്ടിൽ ടി വി ഇല്ലാത്തതു കൊണ്ട് ക്ലാസുകൾ കാണാൻ സാധിക്കാതെ വന്ന ഒരു ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി മനോ വിഷമം കൊണ്ട് ആത്മഹത്യ ചെയ്തതോടെ ഈ സമ്പ്രദായം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറി. ഇങ്ങനെ വീട്ടിൽ ടി വി ഇല്ലാത്ത കുട്ടികൾക്ക് ടി വി നല്കാൻ വേണ്ടി ഓൺലൈനിൽ ഒരു ടി വി ചലഞ്ച് തന്നെ ആരംഭിക്കുകയും ചെയ്തു. ഇപ്പോഴിതാ ഡി വൈ എഫ് ഐ തുടങ്ങിയ ആ ടി വി ചലഞ്ചിന്റെ ഭാഗമായി എത്തിയിരിക്കുന്നത് മലയാള സിനിമാ പ്രവർത്തകർ ആയ മഞ്ജു വാര്യർ, ആഷിക് അബു, ബി ഉണ്ണികൃഷ്ണൻ എന്നിവരാണ്.
ചലഞ്ച് പ്രഖ്യാപിച്ച ദിവസം മഞ്ജു വാര്യര്‍ അഞ്ച് ടെലിവിഷൻ നൽകാമെന്ന് സമ്മതിച്ചപ്പോൾ സംവിധായകന്മാരായ ആഷിക് അബു, ബി ഉണ്ണികൃഷ്ണൻ എന്നിവർ മൂന്നു വീതം ടിവി സെറ്റുകൾ നൽകാമെന്നാണ് അറിയിച്ചത്. പത്ത് ടാബുകളോ ടിവിയോ നൽകാൻ തയ്യാറാണെന്ന് യുവ താരം ടൊവീനോ പറഞ്ഞതായി എംപി ടിഎൻ പ്രതാപനും സോഷ്യൽ മീഡിയ വഴി അറിയിച്ചു. ഡിവൈഎഫ്‌ഐ ഹൈക്കോടതി അഭിഭാഷക യൂണിറ്റ് 10 ടിവികള്‍ നല്‍കും എന്നും തങ്ങൾ ആരംഭിച്ച ഈ ടിവി ചലഞ്ചിന് വലിയ ജന പിന്തുണയാണ് തുടക്കം മുതൽ തന്നെ ലഭിക്കുന്നതെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എ എ റഹീം പറയുന്നു. ടിവി ഇല്ലാത്തത് കൊണ്ട് ഓണ്‍ലൈന്‍ പഠനം മുടങ്ങാന്‍ പാടില്ല എന്നും ഒന്നിലധികം ടിവി സ്വന്തമായുള്ളവര്‍ ഒരു ടിവി തരാന്‍ സന്നദ്ധരാകൂ അല്ലെങ്കില്‍ ടിവി വാങ്ങി നല്‍കാന്‍ സന്നദ്ധരാകൂ എന്നതാണ് ഈ ചലഞ്ചിലൂടെ അവർ മുന്നോട്ടു വെക്കുന്ന ആശയം. ഡിവൈഎഫ്‌ഐ കോള്‍ സെന്ററില്‍ വിളിച്ചാണ് ഏവരും ടി വി നൽകാനുള്ള സന്നദ്ധത അറിയിക്കുന്നത്.