ഈ മാസം 28 നു ദിലീപ് നായകനാവുന്ന രാമലീല എന്ന ചിത്രം റിലീസ് ആവുകയാണ്. കഴിഞ്ഞ മാസത്തിൽ റിലീസ് ചെയ്യാൻ ഇരുന്ന ഈ പൊളിറ്റിക്കൽ ത്രില്ലർ ചിത്രം നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റാരോപതിനായി ദിലീപ് ജയിലിൽ ആയതിനെ തുടർന്ന് റിലീസ് അനിശ്ചിതമായി നീട്ടി നീട്ടി മുന്നോട്ടു പോവുകയായിരുന്നു. അരുൺ ഗോപി എന്ന നവാഗത സംവിധായകൻ സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് സച്ചിയും നിർമ്മിച്ചിരിക്കുന്നത് ടോമിച്ചൻ മുളകുപാടവും ആണ്. എന്നാൽ ദിലീപ് ജയിലിൽ ആയിരിക്കുന്ന സാഹചര്യത്തിൽ ഈ ചിത്രത്തിനെതിരെ കുറെയധികം ആളുകൾ രംഗത്ത് വന്നിരുന്നു. ചിത്രത്തിന്റെ പ്രദർശനം തടയും എന്നും ചിത്രത്തിനെതിരെ പ്രവർത്തിക്കും എന്നും പറഞ്ഞു ഒരുപാട് ആളുകൾ രംഗത്ത് വരുന്നതിനൊപ്പം തന്നെ ചിത്രത്തെ പിന്തുണച്ചു ഒട്ടനവധി സിനിമ പ്രവർത്തകരും സിനിമാ പ്രേമികളും രംഗത്ത് വരുന്നുണ്ട്. ഇപ്പോഴിതാ പ്രശസ്ത നടിയും ദിലീപിന്റെ മുൻ ഭാര്യയും ആയ മഞ്ജു വാര്യരും രാമലീലയെ പിന്തുണച്ചു മുന്നോട്ടു വന്നിരിക്കുകയാണ്.
തന്റെ ഫേസ്ബുക് പോസ്റ്റിൽ ആണ് മഞ്ജു രാമലീലയെ പിന്തുണച്ചു സംസാരിച്ചത്. മഞ്ജു നായിക ആവുന്ന ഉദാഹരണം സുജാത എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്.അതിനെ കുറിച്ച് സംസാരിച്ചു കൊണ്ടാണ് മഞ്ജു തന്റെ ഫേസ്ബുക് പോസ്റ്റ് തുടങ്ങുന്നത്. അതിനു ശേഷമാണു മഞ്ജു രാമലീലയെ കുറിച്ച് പറയുന്നത്. മഞ്ജു രാമലീലയെ കുറിച്ച് പറയുന്നത് ഈ വാക്കുകളിൽ ആണ് , “‘ഉദാഹരണം സുജാത’യ്‌ക്കൊപ്പം റിലീസ് ചെയ്യുന്ന മറ്റൊരു ചിത്രമാണ് ‘രാമലീല’. ഈ സിനിമ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനം പലയിടത്തുനിന്നും ഉയരുന്നുണ്ട്. തീയറ്റര്‍ കത്തിക്കണമെന്ന ആക്രോശത്തില്‍വരെയെത്തി അത്. പക്ഷേ ആ നിലപാട് ദൗര്‍ഭാഗ്യകരമാണെന്ന് പറയട്ടെ. വ്യക്തിപരമായ വിയോജിപ്പുകളും എതിര്‍പ്പുകളും കാണിക്കേണ്ടത് സിനിമയോടല്ല. ഒരു സിനിമയും ഒരാളുടേത് മാത്രമല്ല. സിനിമ ഒരാളല്ല,ഒരുപാടുപേരാണ്. അവര്‍ അതില്‍ നിക്ഷേപിക്കുന്നത് പണമോ അധ്വാനമോ സര്‍ഗ്ഗവൈഭവമോ മാത്രമല്ല. പ്രതിഫലം വാങ്ങി പിരിയുന്നതോടെ തീരുന്നതല്ല ആ ബന്ധം. സിനിമ നന്നായി വിജയിക്കുമ്പോഴും അത് പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടു എന്നറിയുമ്പോഴുമാണ് അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ യഥാര്‍ഥത്തില്‍ ആനന്ദിക്കുന്നത്. അത് പണത്തേക്കാള്‍ വലുതാണ് താനും. അതിനുവേണ്ടിയാണ് അവര്‍ രാപകലില്ലാതെ പ്രയത്‌നിക്കുന്നതും. സിനിമയെന്നത് അനേകം കുടുംബങ്ങളുടെ ആശ്രയമായ വ്യവസായമാണ്. ഒരുപാടുപേരുടെ അന്നവും മരുന്നും പാഠപുസ്തകവുമെല്ലാമാണ്. സിനിമയെ തീയറ്ററുകളില്‍നിന്ന് അകറ്റിയാല്‍ ഈ വ്യവസായത്തില്‍ നിക്ഷേപിക്കാന്‍ നിര്‍മാതാക്കളുണ്ടാകില്ല. അതോടെ തകരുന്നത് ഒട്ടേറെ കുടുംബങ്ങളും സ്വപ്നങ്ങളുമാണ്. അത് സംഭവിച്ചുകൂടാ. ‘രാമലീല’, ടോമിച്ചന്‍മുളകുപാടം എന്ന നിര്‍മാതാവിന്റെ കോടിക്കണക്കിന് രൂപയുടെ നിക്ഷേപമാണ്. അതുപോലെ വര്‍ഷങ്ങളായി സിനിമയെ മാത്രം മനസ്സിലിട്ടുനടക്കുന്ന അരുണ്‍ഗോപി എന്ന നവാഗതസംവിധായകന്റേതുകൂടിയാണ്. അതിലെ അഭിനേതാക്കളുടെ മുഖങ്ങള്‍ക്ക് നേരെ പ്രകാശം പ്രതിഫലിപ്പിച്ച, അവര്‍ക്കായി വച്ചുവിളമ്പിയ ക്രഡിറ്റ് കാര്‍ഡില്‍പോലും പേരുവരാത്തവരുടേയുമാണ്. സിനിമ തീയറ്ററിലെത്തിക്കാനും അത് പ്രേക്ഷകന്‍ കാണണമെന്ന് ആഗ്രഹിക്കാനും ഇവര്‍ക്കെല്ലാം അവകാശമുണ്ട്. അതിനെ നിഷേധിക്കാന്‍ നമുക്ക് അധികാരമില്ല. അങ്ങനെ ചെയ്താല്‍ അത് സിനിമയോട് ചെയ്യുന്ന അനീതിയാണ്. നാളെ,കാലം നമുക്ക് മാപ്പുതരില്ല. ‘രാമലീല’ പ്രേക്ഷകര്‍ കാണട്ടെ…കാഴ്ചയുടെ നീതി പുലരട്ടെ…”.
മഞ്ജു വാര്യർ കൂടി ഉൾപ്പെട്ട വുമൺ ഇൻ കളക്ടീവ് എന്ന സിനിമയിലെ സ്ത്രീകളുടെ സംഘടനാ രാമലീയ്ക്കു എതിരെ കുറച്ചു ദിവസം മുൻപേ രംഗത്ത് വന്നിരുന്നു. എന്നാൽ മഞ്ജുവിന്റെ ഇപ്പോഴത്തെ പോസ്റ്റ് ആ സംഘടനയുടെ നയങ്ങൾക്ക് എതിരാണോ എന്നതാണ് ഇപ്പോൾ സിനിമ പ്രേമികൾ ഉറ്റു നോക്കുന്നത്. ഏതായാലും രാമലീലയുടെ വിധി സെപ്റ്റംബർ 28 നു അറിയാം. മഞ്ജു വാര്യർ ചിത്രം ഉദാഹരണം സുജാത ഒക്ടോബര് അഞ്ചിന് ആണ് എത്തുക എന്നാണ് അറിവ്. ജോജു ജോര്ജും മാർട്ടിൻ പ്രക്കാട്ടും ചേർന്ന് നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ഫാന്റം പ്രവീൺ ആണ്.