മലയാള സിനിമയിലെ പ്രശസ്ത നടനും നിർമ്മാതാവുമൊക്കെയായ മണിയൻ പിള്ള രാജു നിർമ്മിച്ച സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഏറെയും നായകനായിട്ടുള്ളത് മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആണ്. ഹലോ മൈ ഡിയർ റോങ് നമ്പർ, വെള്ളാനകളുടെ നാട്, ഏയ് ഓട്ടോ തുടങ്ങി മണിയൻ പിള്ള രാജു മോഹൻലാലിനെ നായകനാക്കി നിർമ്മിച്ച സൂപ്പർ ഹിറ്റുകൾ എക്കാലവും മലയാള സിനിമാ പ്രേമികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. അതിൽ തന്നെ പ്രിയദർശൻ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് വെള്ളാനകളുടെ നാട് എന്ന ചിത്രത്തിലെ വളരെ പ്രശസ്തമായ ഒരു രംഗമാണ് മോഹൻലാലിന്റെ നായക കഥാപാത്രം ഒരു റോഡ് റോളർ സ്വന്തമാക്കാൻ ശ്രമിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ക്ലാസിക് കോമഡി സീക്വൻസുകളിൽ ഒന്നാണ് അതിലെ ആ റോഡ് റോളർ രംഗങ്ങൾ. ആ സിനിമയിൽ ഉപയോഗിച്ച റോഡ് റോളർ ഈ അടുത്തിടെയാണ് ലേലത്തിൽ പോയത്. എൻ.എൻ.സാലിഹ് എന്ന കരാറുകാരനാണ് രണ്ടു ലക്ഷം രൂപയ്ക്ക് അത് ലേലത്തിനെടുത്തത്. ഈ വിവരം കേട്ട മണിയൻ പിള്ള രാജു പറയുന്നത് റോഡ് റോളർ ലേലത്തിന്റെ വിവരം മോഹൻലാൽ അറിയാതിരുന്നത് നന്നായി എന്നാണ്.
പഴയ കിണ്ടിയും മൊന്തയുമൊക്കെ കൊണ്ടു കൊടുത്താൽ പൊന്നും വിലയ്ക്ക് വാങ്ങുന്നതാണ് ലാൽ എന്നും ഈ വിവരം അറിഞ്ഞെങ്കിൽ ഓടി വന്നു വാങ്ങിയേനെ എന്നും രാജു പറയുന്നു. മോഹൻലാലിന്റെ പുരാവസ്തു പ്രേമം വളരെ പ്രസിദ്ധമാണ്. അതോടൊപ്പം വെള്ളാനകളുടെ നാട് എന്ന ചിത്രത്തെക്കുറിച്ചും റേഡിയോ മാന്ഗോയിലെ പ്രോഗ്രാമിൽ മണിയൻ പിള്ള രാജു പറയുന്നു. മറ്റൊരു കഥയെ അടിസ്ഥാനമാക്കി ബാലൻ.കെ. നായരടക്കമുള്ള താരനിരയുമായി ഷൂട്ടിങ് തുടങ്ങാൻ നാലു ദിവസം മാത്രം ബാക്കി നിൽക്കെ മാറ്റിയെഴുതി വന്ന കഥയാണ് വെള്ളാനകളുടെ നാടെന്നു അദ്ദേഹം പറയുന്നു. ആർ കെ നാരായണന്റെ മാൽഗുഡി ഡേയ്സിലെ റോഡ് റോളർ രംഗത്തെ അടിസ്ഥാനപ്പെടുത്തി ഒരു കഥ എഴുതാൻ പ്രിയദർശൻ ശ്രീനിവാസനോട് പറയുകയായിരുന്നു എന്നും, പൊന്മുട്ടയിടുന്ന താറാവ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നു ഓരോ ദിവസവും ഷൂട്ട് ചെയ്യേണ്ട സീനുകൾ ശ്രീനിവാസൻ എഴുതി കൊടുത്തു വിടുകയായിരുന്നു അന്നെന്നും അദ്ദേഹം ഓർത്തെടുക്കുന്നു. വെറും ഇരുപത് ദിവസം കൊണ്ടാണ് ഈ സിനിമ ഷൂട്ട് ചെയ്തത് എന്നും പ്രശസ്തമായ റോഡ് റോളർ സീൻ രണ്ടു ക്യാമറ വെച് ഒറ്റ ടേക്കിലാണ് എടുത്തത് എന്നും അദ്ദേഹം വെളിപ്പെടുത്തി. കോഴിക്കോട് ഈസ്റ്റ്ഹില്ലിലാണ് ആ രംഗം ഷൂട്ട് ചെയ്തത്.