ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളികളുടെ പ്രിയങ്കരനായായി മാറിയ നടനാണ് മണികണ്ഠൻ. മണികണ്ഠൻ എന്നതിലുപരി ബാലൻചേട്ടൻ എന്നുപറഞ്ഞാലായിരിക്കും ഒരു പക്ഷെ പ്രേക്ഷകർക്ക് കൂടുതൽ സുപരിചിതം. നാടകവേദികളിൽ അഭിനയം ആരംഭിച്ച മണികണ്ഠൻ കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള സിനിമയിൽ തിളങ്ങിയത്. ചിത്രത്തിലെ ബാലൻ എന്ന കഥാപാത്രത്തെ ഗംഭീര പ്രകടനത്തിലൂടെ അദ്ദേഹം മികവുറ്റതാക്കി മാറ്റി. ചിത്രത്തിന് ഗംഭീര പ്രദർശന വിജയം കൈവരിച്ചതോടുകൂടി ചിത്രത്തിലെ ബാലൻ ചേട്ടനും പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറി. ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് മണികണ്ഠൻ ആചാരി ആ വർഷത്തെ മികച്ച സഹനടനുള്ള പുരസ്കാരവും നേടുകയുണ്ടായി. പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു മണികണ്ഠൻ ആചാരി. അലമാര, വർണ്യത്തിലാശങ്ക, ഈട തുടങ്ങിയ ചിത്രത്തിലെ ഗംഭീര പ്രകടനവുമായി മലയാളത്തിൽ ഇതിനോടകം തിളങ്ങിനിൽക്കുന്ന മണികണ്ഠൻ ആചാരിയുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം.
മെഗാസ്റ്റാർ മമ്മൂട്ടി നായകനായ മാമാങ്കത്തിന്റെ സെറ്റിൽ വച്ചായിരുന്നു ഇത്തവണ മണികണ്ഠൻ ആചാരിയുടെ പിറന്നാളാഘോഷങ്ങൾ. പ്രിയ നടൻ മമ്മൂട്ടിയാണ് മണികണ്ഠന്റെ പിറന്നാളാഘോഷങ്ങൾക്ക് തിളക്കം നൽകിയത്. തന്റെ ജീവിതത്തിലെ മറക്കാനാവാത്ത പിറന്നാൾ അനുഭവത്തിന്റെ സന്തോഷം പങ്കുവെച്ച് മണികണ്ഠൻ ആചാരി ഇന്നലെ ഫേസ്‌ബുക്കിൽ എത്തിയിരുന്നു. ഇതിലും നല്ലൊരു പിറന്നാൾ സ്വപ്നങ്ങളിൽ മാത്രം എന്നാണ് ചിത്രത്തിന് അദ്ദേഹം അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. ഷൂട്ടിംഗ് സെറ്റിലെ ആഘോഷങ്ങൾക്ക് അദ്ദേഹത്തോടൊപ്പം ജോയ് മാത്യു ചിത്രത്തിന്റെ സംവിധായകനായ സജീവ പിള്ളയും മറ്റ് അണിയറ പ്രവർത്തകരും ഉണ്ടായിരുന്നു. മമ്മൂട്ടിയോടൊപ്പം ആദ്യമായി ഒരുചിത്രത്തിൽ അഭിനയിക്കുന്നതിന്റെ സന്തോഷം കഴിഞ്ഞദിവസമാണ് മണികണ്ഠൻ ആചാരി ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരാധകരുമായി പങ്കിട്ടത്. ചിത്രത്തിൽ ഒരു പോരാളിയുടെ വേഷത്തിലാണ് മണികണ്ഠൻ എത്തുക.